സന്തോഷ് ട്രോഫിയിൽ കേരളത്തിന് ഇന്ന് ക്വാർട്ടർ
Tuesday, March 5, 2024 1:32 AM IST
യുപിയ (അരുണാചൽപ്രദേശ്): 77-ാമത് സന്തോഷ് ട്രോഫി ഫുട്ബോൾ സെമി ഫൈനൽ സ്വപ്നവുമായി കേരളം ഇന്ന് കളത്തിൽ. ക്വാർട്ടർ പോരാട്ടത്തിൽ മിസോറമാണ് കേരളത്തിന്റെ എതിരാളികൾ. യുപിയയിലെ ഗോൾഡൻ ജൂബിലി സ്റ്റേഡിയത്തിൽ രാത്രി ഏഴിനാണ് കിക്കോഫ്.
സന്തോഷ് ട്രോഫിയിൽ ഏഴ് തവണ മുത്തംവച്ച ചരിത്രം കേരളത്തിനു സ്വന്തം. 2021-22 സീസണിലായിരുന്നു കേരളം അവസാനമായി സന്തോഷ് ട്രോഫി കരസ്ഥമാക്കിയത്. കഴിഞ്ഞ സീസണിൽ ഫൈനൽ റൗണ്ടിലെ ഗ്രൂപ്പ് എയിൽ മൂന്നാം സ്ഥാനത്തായി നോക്കൗട്ടിൽ പ്രവേശിക്കാൻ സാധിച്ചില്ല. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാർ നേരിട്ട് സെമിയിലേക്ക് പ്രവേശിക്കുകയായിരുന്നു.
ഇത്തവണയും ഫൈനൽ റൗണ്ടിലെ ഗ്രൂപ്പ് എയിൽ മൂന്നാം സ്ഥാനക്കാരാണ് കേരളം. എന്നാൽ, കഴിഞ്ഞ തവണത്തേതിനെ അപേക്ഷിച്ച് ഇത്തവണ ക്വാർട്ടർ ഫൈനൽ ഉണ്ട്. ഫൈനൽ റൗണ്ട് എ, ബി ഗ്രൂപ്പുകളിലെ ആദ്യ നാല് സ്ഥാനക്കാർ അതോടെ നോക്കൗട്ടിൽ പ്രവേശിച്ചു. ഇത്തവണ ഫിഫ സന്തോഷ് ട്രോഫി ആണെന്നതും ശ്രദ്ധേയം.
രണ്ടാമൻ x മൂന്നാമൻ
ഗ്രൂപ്പ് എയിൽ അഞ്ച് മത്സരങ്ങളിൽ എട്ട് പോയിന്റുമായാണ് കേരളം മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. രണ്ട് ജയവും രണ്ട് സമനിലയും ഒരു തോൽവിയുമായിരുന്നു കേരളത്തിന്റെ പ്രകടനം. ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായ ഗോവയോടായിരുന്നു കേരളത്തിന്റെ ഏക തോൽവി (2-0). ഗ്രൂപ്പ് ചാന്പ്യന്മാരായ സർവീസസിനെ സമനിലയിൽ (1-1) തളച്ചിരുന്നു. അഞ്ച് മത്സരങ്ങളിൽ ഏഴ് ഗോൾ അടിച്ചപ്പോൾ അഞ്ച് ഗോൾ കേരളം വഴങ്ങി.
ഗ്രൂപ്പ് ബി രണ്ടാം സ്ഥാനക്കാരാണ് മിസോറം. അഞ്ച് മത്സരങ്ങളിൽ ഏഴ് പോയിന്റുമായാണ് മിസോറം ഗ്രൂപ്പ് ഘട്ടം പൂർത്തിയാക്കിയത്, രണ്ട് ജയവും ഒരു സമനിലയും രണ്ട് തോൽവിയും. 13 ഗോൾ അടിച്ചപ്പോൾ 10 ഗോൾ തിരികെ വാങ്ങി. ഫൈനൽ റൗണ്ട് ഇരു ഗ്രൂപ്പിലുമായി ഏറ്റവും കൂടുതൽ ഗോൾ നേടിയ ടീമാണ് മിസോറം. നാല് ഗോൾ നേടിയ മൽസാവ്സുവാലയാണ് ഫൈനൽ റൗണ്ടിൽ മിസോറമിന്റെ ടോപ് സ്കോറർ.
സെമി ലൈനപ്പ്
77-ാം സീസണ് സന്തോഷ് ട്രോഫി സെമി ഫൈനൽ പോരാട്ടം ആരൊക്കെ തമ്മിലെന്ന് ഇന്നറിയാം. ഇന്ന് നടക്കുന്ന ആദ്യ ക്വാർട്ടറിൽ ഗ്രൂപ്പ് ബി ചാന്പ്യന്മാരായ മണിപ്പുർ ഗ്രൂപ്പ് എ നാലാം സ്ഥാനക്കാരായ ആസാമിനെ നേരിടും. ഉച്ചകഴിഞ്ഞ് 2.30നാണ് ഈ മത്സരത്തിന്റെ കിക്കോഫ്. കേരളം x മിസോറം പോരാട്ടത്തോടെ ക്വാർട്ടർ അവസാനിക്കും. വ്യാഴാഴ്ചയാണ് സെമി ഫൈനൽ പോരാട്ടങ്ങൾ.
കേരളം x സർവീസസ് സെമി ഫൈനൽ ?
യുപിയ: സന്തോഷ് ട്രോഫി ഫുട്ബോളിൽ സർവീസസും ഗോവയും സെമിയിൽ. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30ന് നടന്ന ആദ്യ ക്വാർട്ടർ ഫൈനലിൽ സർവീസസ് 2-0ന് റെയിൽവേസിനെ കീഴടക്കി. രണ്ട് ഗോളും ആദ്യ പകുതിയിലാണ് പിറന്നത്. ഒന്പതാം മിനിറ്റിൽ ഷഫീലും 45+1-ാം മിനിറ്റിൽ സമീർ മുർമുവും സർവീസസിനുവേണ്ടി വലകുലുക്കി.
ഇന്ന് കേരളവും മിസോറവും തമ്മിൽ നടക്കുന്ന അവസാന ക്വാർട്ടറിലെ ജേതാക്കളെയാണ് സെമിയിൽ സർവീസസ് നേരിടുക. ഫൈനൽ റൗണ്ട് ഗ്രൂപ്പ് എ ചാന്പ്യന്മാരായി ആയിരുന്നു സർവീസസിന്റെ ക്വാർട്ടർ പ്രവേശം. ഗ്രൂപ്പ് എയിൽ മൂന്നാം സ്ഥാനക്കാരായിരുന്നു കേരളം. ഗ്രൂപ്പ് ഘട്ടത്തിൽ ഇരുടീമും ഏറ്റുമുട്ടിയപ്പോൾ 1-1 സമനിലയായിരുന്നു ഫലം.
ഇന്നലെ രാത്രി നടന്ന രണ്ടാം ക്വാർട്ടറിൽ ഗോവ 2-1ന് ഡൽഹിയെ കീഴടക്കി അവസാന നാലിൽ പ്രവേശിച്ചു. ജോബെറൻ കാർഡോസോ (20’), ലോയിഡ് കാർഡോസോ (29’) എന്നിവരായിരുന്നു ഗോവയ്ക്കുവേണ്ടി ഗോൾ നേടിയത്.