ഉദ്ഘാടനസമ്മേളനത്തിനിടെ സംഗീത പരിപാടി അവതരിപ്പിച്ച സെലിൻ ഡിയോണ്‍, ലേഡി ഗാഗ, അയ നാകാമുറ തുടങ്ങിയവരും സമാപന ചടങ്ങിനു കൊഴുപ്പേകാനെത്തിയേക്കുമെന്നാണ് സ്ഥിരീകരിക്കാത്ത സൂചന.
ശ്രീജേഷ്, മനു പതാക വഹിക്കും സമാപനസമ്മേളനത്തിലെ മാർച്ച് പാസ്റ്റിൽ ഇന്ത്യയുടെ പതാക മലയാളി ഹോക്കി ഗോൾകീപ്പർ പി.ആർ. ശ്രീജേഷും ഹരിയാനയുടെ വനിതാ ഷൂട്ടിംഗ് സൂപ്പർ താരം മനു ഭാകറും വഹിക്കും. രണ്ട് ഒളിന്പിക് മെഡലുള്ള ആദ്യ മലയാളിയാണ് ശ്രീജേഷ്. മാത്രമല്ല, ഒളിന്പിക്സോടെ ശ്രീജേഷ് രാജ്യാന്തര ഹോക്കിയിൽനിന്നു വിരമിച്ചു.
മനു ഭാകർ ഇന്ത്യൻ പതാക വഹിക്കുമെന്നു തിങ്കളാഴ്ചത്തന്നെ ഇന്ത്യൻ ഒളിന്പിക് അസോസിയേഷൻ (ഐഒഎ) അറിയിച്ചിരുന്നു. പാരീസിൽ രണ്ടു വെങ്കലം മനു ഭാകർ വെടിവച്ചിട്ടിരുന്നു. ഒരു ഒളിന്പിക്സിൽ രണ്ടു മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് മനു.
പാരീസിൽ ഇന്ത്യയുടെ ഏക വെള്ളി നേടിയ ജാവലിൻ ത്രോ താരം നീരജ് ചോപ്രയെ മനുവിനൊപ്പം പതാക വഹിക്കാൻ ഐഒഎ പരിഗണിച്ചിരുന്നു. എന്നാൽ, ശ്രീജേഷിനെ കർത്തവ്യം ഏൽപ്പിക്കുന്നതിനോടായിരുന്നു നീരജ് ചോപ്രയ്ക്കു താത്പര്യമെന്നു ഐഒഎ പ്രസിഡന്റ് പി.ടി. ഉഷ അറിയിച്ചു.
കഴിഞ്ഞ വർഷം ഏഷ്യൻ ഗെയിംസ് സമാപന സമ്മേളനത്തിൽ ഇന്ത്യയുടെ പതാക വഹിച്ചതും പി.ആർ. ശ്രീജേഷായിരുന്നു.