മുംബൈയെ വീഴ്ത്തി ബറോഡ
Monday, October 14, 2024 10:55 PM IST
വഡോദര: രഞ്ജി ട്രോഫി 2024-25 സീസണ് എലൈറ്റ് ഗ്രൂപ്പ് എയിലെ മത്സരത്തിൽ നിലവിലെ ചാന്പ്യന്മാരായ മുംബൈയെ കീഴടക്കി ബറോഡയുടെ മിന്നും പ്രകടനം. 84 റണ്‍സിനാണ് ബറോഡ ജയം സ്വന്തമാക്കിയത്. പൃഥ്വി ഷാ, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യർ എന്നിങ്ങനെയുള്ള വൻ ബാറ്റിംഗ് നിരയുണ്ടായിട്ടും മുംബൈക്കു ജയിക്കാൻ സാധിച്ചില്ല.
സ്കോർ: ബറോഡ 290, 185. മുംബൈ 214, 177. രണ്ട് ഇന്നിംഗ്സിലുമായി 10 വിക്കറ്റ് സ്വന്തമാക്കിയ ബറോഡയുടെ ഭാർഗവ് ഭട്ടാണ് പ്ലെയർ ഓഫ് ദ മാച്ച്. ക്രുനാൽ പാണ്ഡ്യയാണ് ബറോഡയുടെ ക്യാപ്റ്റൻ.
രഞ്ജി ട്രോഫിയിൽ മുംബൈക്കെതിരേ ബറോഡ നേടുന്ന നാലാമതു മാത്രം ജയമാണ്. 26 വർഷത്തിനുശേഷമാണ് ബറോഡ മുംബൈയെ കീഴടക്കുന്നതെന്നതും ശ്രദ്ധേയം. 1998-99 സീസണിലായിരുന്നു ഇതിനു മുന്‍പ് ബറോഡ ജയിച്ചത്. ഇരുടീമും തമ്മിൽ ഇതുവരെ 66 തവണ ഏറ്റുമുട്ടിയിട്ടുണ്ട്.