മനം മാറി ജയ്സ്വാൾ
Friday, May 9, 2025 11:50 PM IST
മുംബൈ: ആഭ്യന്തര ക്രിക്കറ്റിൽ ഗോവയ്ക്കുവേണ്ടി കളിക്കാനുള്ള തീരുമാനം മാറ്റി യുവ താരം യശസ്വി ജയ്സ്വാൾ. വരുന്ന സീസണിൽ മുംബൈക്കൊപ്പം തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുംബൈ ക്രിക്കറ്റ് അസോസിയേഷന് (എംസിഎ) താരം കത്ത് നൽകി.
മാസങ്ങൾക്കുമുന്പ് മുംബൈ വിട്ട് ഗോവയ്ക്കുവേണ്ടി കളിക്കുന്നതിനായി ആവശ്യപ്പെട്ട എൻഒസി പിൻവലിക്കുന്നതായി ജയ്സ്വാൾ കത്തിൽ ചൂണ്ടിക്കാട്ടി. ബിസിസിഐക്കോ ഗോവ ക്രിക്കറ്റ് അസോസിയേഷനോ എൻഒസി കൈമാറിയിട്ടില്ലെന്നും ജയ്സ്വാൾ വ്യക്തമാക്കി.
ഇന്ത്യൻ ടീമിലെ യുവതാരങ്ങളിൽ പ്രധാനിയായ ജയ്സ്വാൾ അണ്ടർ 19 മുതൽ മുംബൈ ടീമിലാണ് കളിച്ചത്. എന്നാൽ, ക്യാപ്റ്റൻ അജിങ്ക്യ രഹാനെയുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് ജയ്സ്വാളിന്റെ ടീം മാറ്റമെന്ന റിപ്പോർട്ടുണ്ടായിരുന്നു. ഇക്കാര്യത്തിൽ രഹാനെയും വിശദീകരണവുമായി രംഗത്തെത്തി.