ഭീഷണിയായി തുലാപെയ്ത്ത്...
Friday, October 17, 2025 1:25 AM IST
തോമസ് വര്‍ഗീസ്
തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കായിക മേളയ്ക്കു തുടക്കമാവാന്‍ നാലുനാള്‍ മാത്രം ബാക്കിനില്‍ക്കേ താരങ്ങള്‍ക്കും സംഘാടകര്‍ക്കും ആശങ്കയായി തുലാമഴ പെയ്തിറങ്ങുന്നു.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗനിര്‍ദേശപ്രകാരം തിരുവനന്തപുരം ഉള്‍പ്പെടെ ഏഴു ജില്ലകളില്‍ ഇന്ന് യെല്ലോ അലേട്ടര്ട്ടും എറണാകുളത്ത് ഓറഞ്ച് അലേര്‍ട്ടുമാണ്. നാളെ ഒമ്പതു ജില്ലകളിലാണ് യെല്ലോ അലേര്‍ട്ടുള്ളത്. വരുംദിവസങ്ങളില്‍ മാനം തെളിയുമോ എന്നതിനാണ് കൗമാര കായിക കേരളം കാത്തിരിക്കുന്നത്.
കായികമേള 21 മുതല്‍
സംസ്ഥാന സ്കൂള്‍ കായികമേളയിലെ മത്സരങ്ങള്‍ക്കു തുടക്കമാകുന്നത് 21നാണ്. അതിനു മുമ്പുതന്നെ താരങ്ങള്‍ തലസ്ഥാന നഗരിയിലേക്ക് ഒഴുകിയെത്തും. കഴിഞ്ഞ ദിവസങ്ങളില്‍ തിരുവനന്തപുരത്ത് തുലാമഴ കലിതുള്ളി പെയ്തിറങ്ങുകയായിരുന്നു. അകമ്പടിയായി ഇടിയും മിന്നലും. സംസ്ഥാനത്തെ വിവിധ റവന്യു ജില്ലാ കായികമേളകളില്‍ പലതും മഴയത്താണ് നടക്കുന്നതെന്നതും ശ്രദ്ധേയം. മാനം തെളിഞ്ഞാല്‍ സംഘാടകരുടെയും താരങ്ങളുടെയും മനം നിറയും.
അത്ലറ്റിക്സ് കുഴയും
മീറ്റിന്റെ ഗ്ലാമര്‍ ഇനമായ അത്ലറ്റിക്സ് 23 മുതല്‍ 28 വരെ ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ നടക്കും. ശക്തമായ മഴ പെയ്താല്‍ അത്ലറ്റിക്സ് മത്സരങ്ങളെയാണ് ഏറ്റവും കൂടുതല്‍ പ്രതികൂലമായി ബാധിക്കുക. ജംപ്, ത്രോ ഇനങ്ങള്‍ മാറ്റിവയ്ക്കേണ്ടിവരും. ട്രാക്ക് ഇനങ്ങള്‍ നടത്തിയാല്‍തന്നെ താരങ്ങള്‍ക്കു പരിക്കേല്‍ക്കാനും പ്രകടനത്തെ ബാധിക്കാനും ഇടയാകും. മത്സര സമയങ്ങളില്‍ മഴയുണ്ടാവരുതേ എന്ന പ്രാര്‍ഥനയിലാണ് താരങ്ങളും മാതാപിതാക്കളും അധ്യാപകരും.
തിരുവനന്തപുരം നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും 12 സ്റ്റേഡിയങ്ങളിലായി പകലും രാത്രിയുമായാണ് സ്കൂള്‍ കായികമേള നടത്തുക. സെന്‍ട്രല്‍ സ്റ്റേഡിയമാണ് പ്രധാന വേദി. മത്സരങ്ങളുടെ നടത്തിപ്പിനായി 800 ഒഫിഷല്സ്, 350 സെലക്ടര്‍മാര്‍, 2,000 വോളണ്ടിയേഴ്സ്, 200 സാങ്കേതിക വിദഗ്ധര്‍ എന്നിവരുടെ സേവനമാണ് ഉണ്ടാവുക. നഗരത്തിലെ 75 സ്കൂളുകളിലാണ് വിദ്യാര്‍ഥികള്‍ക്ക് താമസമൊരുക്കിയിരിക്കുന്നത്.
ഗെയിംസ് ഇന്‍ഡോറില്‍
12 മത്സരങ്ങള്‍ ഒരേസമയം നടത്താന്‍ കഴിയുന്ന രീതിയില്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തയാറാക്കിയിട്ടുള്ള താത്കാലിക ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ഗെയിംസ് ഇനങ്ങളിലേറെയും നടത്തുന്നത്. കബഡി, ഖോ-ഖോ, ജൂഡോ, ബാസ്കറ്റ്ബോള്‍, വടംവലി, കരാട്ടേ, ഫെന്‍സിംഗ്, യോഗാസന, റെസ്ലിംഗ് ഉള്‍പ്പെടെയുള്ള മത്സരങ്ങള്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് നടക്കുക. ഈ ഇനങ്ങള്‍ക്കു മഴ ഭീഷണിയായേക്കില്ലെന്നു ചുരുക്കം.
ഈ സ്റ്റേഡിയത്തില്‍ താത്കാലിക ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍ ജര്‍മന്‍ ഹാംഗര്‍ പന്തല്‍ ഉപയോഗിച്ച് നിര്‍മിച്ച് ജനങ്ങളെ ആകര്‍ഷിക്കുന്ന തരത്തില്‍ നിര്‍മാണം അവസാന ഘട്ടത്തിലാണ്. കേരളത്തില്‍തന്നെ ആദ്യമായാണ് ഇത്തരത്തില്‍ ഒരു കുടക്കീഴിനുള്ളില്‍ 12ലധികം കായികമത്സരങ്ങള്‍ അണിനിരത്തുന്ന സംവിധാനം ഒരുങ്ങുന്നത്. 6,000ലധികം കുട്ടികളെയാണ് ഈ മത്സരവേദിയില്‍ വിവിധ ദിവസങ്ങളിലായി സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. സവിശേഷ പരിഗണന അര്‍ഹിക്കുന്ന വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ മത്സരങ്ങള്‍ 22ന് വിവിധ സ്റ്റേഡിയങ്ങളിലായി പൂര്‍ത്തിയാക്കും.
ഗള്‍ഫില്‍നിന്നും കുട്ടികള്‍
യുഎഇയിലെ കേരള സിലബസില്‍ പഠിക്കുന്ന കുട്ടികളും സംസ്ഥാന സ്കൂള്‍ കായികമേളയ്ക്കെത്തും. കഴിഞ്ഞ തവണ കൊച്ചി മീറ്റില്‍ യുഎഇയിലെ ഏഴ് സ്കൂളുകളില്‍നിന്നുള്ള ആണ്‍കുട്ടികള്‍ പങ്കെടുത്തിരുന്നു. ഇത്തവണ ആണ്‍കുട്ടികളും പെണ്‍കുട്ടികളും മത്സരത്തിന് അണിനിരക്കും.