ട്രംപുമായി വാഗ്വാദം: സിഎൻഎൻ ലേഖകന്റെ പാസ് റദ്ദാക്കി
Friday, November 9, 2018 12:18 AM IST
വാഷിംഗ്ടൺ ഡിസി: പത്രസമ്മേളനത്തിനിടെ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി വാഗ്വാദത്തിലേർപ്പെട്ട സിഎൻഎൻ ചാനലിന്റെ വൈറ്റ്ഹൗസ് ലേഖകൻ ജിം അക്കോസ്റ്റയുടെ പാസ് റദ്ദാക്കി. അക്കോസ്റ്റയുടെ കൈയിൽനിന്നു മൈക്ക് വാങ്ങാൻ ശ്രമിച്ച വൈറ്റ്ഹൗസ് ജീവനക്കാരിയുടെ ദേഹത്തു കൈവച്ചതാണു കാരണമെന്ന് പ്രസ് സെക്രട്ടറി സാറാ സാണ്ടേഴ്സ് വിശദീകരിച്ചു.
മുതിർന്ന മാധ്യമപ്രവർത്തകന്റെ പാസ് വൈറ്റ്ഹൗസ് റദ്ദാക്കുന്നത് അപൂർവ സംഭവമാണ്. ഇടക്കാല തെരഞ്ഞെടുപ്പുഫലം പുറത്തുവന്നതിനു പിന്നാലെ ട്രംപ് നടത്തിയ പത്രസമ്മേളനത്തിൽ ജിം അക്കോസ്റ്റ തുടരെത്തുടരെ ചോദ്യങ്ങളുന്നയിക്കുകയായിരുന്നു. ട്രംപിന് ഇതിൽ വലിയ അസ്വസ്ഥതയുണ്ടായി.
സെൻട്രൽ അമേരിക്കയിൽനിന്ന് യുഎസ് ലക്ഷ്യമാക്കി നീങ്ങുന്ന ആയിരങ്ങൾ ഉൾപ്പെടുന്ന കുടിയേറ്റ സംഘത്തെക്കുറിച്ച് ട്രംപ് നടത്തിയ പരാമർശങ്ങളായിരുന്നു അക്കോസ്റ്റയുടെ ചോദ്യത്തിന് അധാരം. ട്രംപ് പറയുന്നതുപോലെ ഇവർ അധിനിവേശം നടത്താൻ വരുന്നവരല്ലെന്ന് അക്കോസ്റ്റ പറഞ്ഞു. ആളുകൾക്ക് വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകാമെന്നും നിയമപരമായി അമേരിക്കയിലേക്കു വരുന്നതിൽ കുഴപ്പമില്ലെന്നും നിയമവിരുദ്ധമായി രാജ്യത്തു കടക്കാൻ ശ്രമിക്കുന്നതാണ് അംഗീകരിക്കാൻ പറ്റാത്തതെന്നും ട്രംപ് വിശദീകരിച്ചു. അക്കോസ്റ്റ വീണ്ടും വീണ്ടും ചോദ്യങ്ങൾ ഉന്നയിച്ചു. അസ്വസ്ഥനായ ട്രംപ്, നിങ്ങൾ എന്നെ രാജ്യം ഭരിക്കാൻ അനുവദിക്കണമെന്നും ഇത്രയും മതിയെന്നും പറഞ്ഞു.
ഈ സമയത്താണ് വൈറ്റ്ഹൗസിലെ ഇന്റേൺ ആയ ജോലിക്കാരി അക്കോസ്റ്റയിൽനിന്നു മൈക്ക് മേടിക്കാൻ ശ്രമിച്ചത്. എന്നാൽ അക്കോസ്റ്റ മൈക്ക് കൈമാറിയില്ല. പത്രസമ്മേളനം അവസാനിച്ച് മണിക്കൂറുകൾക്കകം അക്കോസ്റ്റയുടെ പാസ് റദ്ദാക്കപ്പെട്ടതായി അറിയിപ്പു വന്നു. പ്രസിഡന്റ് ട്രംപ് പത്രസ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്നയാളാണെന്നും എത്ര കടുപ്പമുള്ള ചോദ്യങ്ങളും അദ്ദേഹത്തോടു ചോദിക്കാമെന്നും എന്നാൽ, ഒരു യുവതിയുടെ മേൽ മാധ്യമപ്രവർത്തകൻ കൈവയ്ക്കുന്നത് അംഗീകരിക്കാനാവില്ലെന്നും വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി വിശദീകരിച്ചു. ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം ജനാധിപത്യത്തിനു ഭീഷണിയാണെന്ന് സിഎൻഎൻ പ്രതികരിച്ചു.