വധശിക്ഷ നടപ്പാക്കി 70 വർഷം പിന്നിട്ടപ്പോൾ പ്രതി കുറ്റവിമുക്തൻ
Monday, January 20, 2020 11:34 PM IST
സിയൂൾ: വിമതരെ സഹായിച്ചെന്ന ആരോപണത്തിന്റെ പേരിൽ എഴുപതുവർഷം മുന്പ് വിചാരണ നടത്തി വധിച്ച പ്രതി നിരപരാധിയെന്ന് ദക്ഷിണകൊറിയൻ കോടതി ഇന്നലെ വിധിച്ചു.1948ൽ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ ഇടതുപക്ഷ ചായ്വുള്ള സൈനികരെ സഹായിച്ചെന്ന കുറ്റം ചുമത്തിയാണ് ചാങ് ഹ്വാൻ ബോംഗിനെയും(29) മറ്റ് നിരവധി പേരെയും അറസ്റ്റ് ചെയ്തു. 22 ദിവസത്തിനകം ഇവരെ വധിച്ചു.
ചാങ് ഉൾപ്പെടെയുള്ള 438 സിവിലിയന്മാരെ അന്യായമായി കേസിൽ കുടുക്കുകയായിരുന്നുവെന്നു സർക്കാർ നിയോഗിച്ച കമ്മീഷൻ 2009ൽ റിപ്പോർട്ടു നൽകി. ചാങ്ങിന്റെ പുത്രി കേസിന്റെ പുനർവിചാരണ ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീംകോടതി അംഗീകരിച്ചു.
പുനർവിചാരണയ്ക്കുശേഷം ഇന്നലെ സുൻചിയോൺ നഗരത്തിലെ കോടതിയാണ് ചാങ്ങിനെ കുറ്റവിമുക്തനാക്കിയത്.
1948ലെ വധശിക്ഷാ ഉത്തരവു നിയമവിരുദ്ധമാണെന്നും മാപ്പു ചോദിക്കുകയാണെന്നും ജഡ്ജി കിം ജുംഗ് ഹാ പറഞ്ഞു. വിധിയിൽ സന്തോഷമുണ്ടെന്ന് ചാങ്ങിന്റെ പുത്രി ചാങ് ക്യൂംഗ്ചാ പറഞ്ഞു.