ജപ്പാനിൽ മണ്ണിടിച്ചിൽ: നാലു മൃതദേഹങ്ങൾ കണ്ടെടുത്തു, എൺപതോളം പേർക്കായി തെരച്ചിൽ
Monday, July 5, 2021 11:55 PM IST
ടോക്കിയോ: ടോക്കിയോയുടെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ കടൽത്തീര നഗരമായ അട്ടാമിയിൽ കനത്ത മഴയെത്തുടർന്ന് ജൂലൈ മൂന്നിനുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ എൺപതോളം പേർക്കായി തെരച്ചിൽ ഊർജിതമാക്കി. തീരസംരക്ഷണ സേനയുടെ മൂന്നു കപ്പലുകൾ, ആറ് സൈനിക ഡ്രോണുകൾ, സേനാവിഭാഗങ്ങൾ എന്നിവ കനത്തമഴയെ അവഗണിച്ച് മുഴുവൻസമയ രക്ഷാപ്രവർത്തനത്തിലാണ്. നാലു പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. 25 പേരെ രക്ഷപ്പെടുത്തി.
ടോക്കിയോ ഒളിന്പിക്സിന് മൂന്നാഴ്ചമാത്രമുള്ളപ്പോഴുണ്ടായ ദുരന്തം അധികാരികൾക്കുള്ള മുന്നറിയിപ്പായി. അതേസമയം, തലസ്ഥാനനഗരമായ ടോക്കിയോവിൽ കോവിഡുകേസുകളിലും ഭീതിതമായ വർധനയുണ്ട്. ടോക്കിയോവിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സ്ഥിതിവിശേഷമാണുള്ളതെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഇതിനിടെ, മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി യോഷിഹിദെ സുഗയുടെ നേതൃത്വത്തിൽ വീണ്ടും അടിയന്തരയോഗം ചേർന്നു.
വിനോദസഞ്ചാരകേന്ദ്രമായ അട്ടാമിയിൽ നിരവധി തീർഥാടന കേന്ദ്രങ്ങളും മാർക്കറ്റുകളുമുണ്ട്. നൂറുകിലോമീറ്റർ ചുറ്റളവിൽ 36,800 പേർ അധിവസിക്കുന്നു, പലരുടെയും അവധിക്കാല വസതികൾ ഇവിടുണ്ട്.
ഒരുവർഷം മുന്പ് ദക്ഷിണ ജപ്പാനിലെ ക്യൂഷു പ്രവിശ്യയിൽ കുമാമോട്ടോ നഗരത്തിലുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും എൺപതു പേർ മരിച്ചിരുന്നു.