തായ്വാൻ: ചൈന ഇടപെടരുതെന്നു ബൈഡൻ
Wednesday, November 17, 2021 12:10 AM IST
വാഷിംഗ്ടൺ ഡിസി: തായ്വാന്റെ കാര്യത്തിൽ നിലവിൽ തുടരുന്ന സ്ഥിതി മാറ്റാൻ ചൈന ഏകപക്ഷീയമായി ഇടപെടരുതെന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ മുന്നറിയിപ്പ്. തായ്വാനെ ഉപയോഗിച്ച് അമേരിക്ക നടത്തുന്ന കളി, തീക്കളിയാകുമെന്നും തീകൊണ്ടു കളിക്കുന്നവർ കരിഞ്ഞുപോകുമെന്നും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗിന്റെ മറുപടി. ഇരുനേതാക്കളും തമ്മിൽ നടത്തിയ വെർച്വൽ കൂടിക്കാഴ്ചയിലായിരുന്നു ഈ അടി- തിരിച്ചടി. വാണിജ്യം, നയതന്ത്രം, മനുഷ്യാവകാശം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളും ചർച്ചയായി.
ജനാധിപത്യഭരണകൂടം നിലവിലുള്ള തായ്വാനെ സ്വന്തം പ്രവിശ്യയായിട്ടാണു ചൈന കണക്കാക്കുന്നത്. വേണ്ടിവന്നാൽ ബലംപ്രയോഗിച്ചു തായ്വാനെ ചൈനയോടു കൂട്ടിച്ചേർക്കുമെന്നു വ്യക്തമാക്കിയിട്ടുമുണ്ട്. അമേരിക്ക ഔദ്യോഗികമായി ചൈനയെയാണ് അംഗീകരിക്കുന്നതെങ്കിലും ആയുധമടക്കം നല്കി തായ്വാനെ ശക്തമായി പിന്തുണയ്ക്കുന്നു.
തായ്വാൻ വിഷയത്തിൽ ചൈന നടത്തുന്ന ഇടപെടലുകൾ മേഖലയിലെ സമാധാനവും സ്ഥിരതയും ഇല്ലാതാക്കുമെന്നു ബൈഡൻ ചൂണ്ടിക്കാട്ടിയതായി വൈറ്റ്ഹൗസ് അറിയിച്ചു. സ്വാതന്ത്ര്യത്തിനായി തായ്വാൻ അമേരിക്കയുടെ പിന്തുണ തേടുന്നുണ്ടെന്നും അമേരിക്കയിലെ ചില നേതാക്കൾ തായ്വാനെ ചൈനയെ നേരിടാനുള്ള ഉപകരണമാക്കുകയാണെന്നും ഷി കുറ്റപ്പെടുത്തി. ഇത്തരം നീക്കങ്ങൾ അത്യന്തം അപകടകരമാണ്. തീകൊണ്ടു കളിക്കുന്നതിനു തുല്യമാണത്. തീകൊണ്ടു കളിക്കുന്നവർ കരിഞ്ഞുപോകുമെന്നും ഷി മുന്നറിയിപ്പു നല്കി.
സിൻജിയാംഗ് പ്രവിശ്യ, ഹോങ്കോംഗ് എന്നിവിടങ്ങളിൽ ചൈന നടത്തുന്ന മനുഷ്യാവകാശവിരുദ്ധ നടപടികൾ ബൈഡൻ ചൂണ്ടിക്കാട്ടി. വാണിജ്യ സാന്പത്തിക മേഖലകളിൽ ചൈന സ്വീകരിക്കുന്ന ന്യായവിരുദ്ധ നയങ്ങളിൽനിന്ന് അമേരിക്കൻ വ്യവസായത്തെയും തൊഴിലാളികളെയും സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചൈനീസ് കന്പനികളെ അടിച്ചമർത്താൻ ദേശീയസുരക്ഷയെ ആയുധമാക്കുന്ന അമേരിക്കയുടെ രീതി അവസാനിപ്പിക്കണമെന്നു ഷി മറുപടി നല്കി.
ബൈഡൻ യുഎസ് പ്രസിഡന്റായശേഷം ഷിയുമായി നടത്തുന്ന മൂന്നാമത്തെ ചർച്ചയാണിത്. കോവിഡ് പൊട്ടിപ്പുറപ്പെട്ട ശേഷം രണ്ടു വർഷമായി ഷി ചൈന വിട്ടിട്ടില്ല. ഊഷ്മളമായി സൗഹൃദം പുതുക്കിക്കൊണ്ടാണ് ഇരുവരും ചർച്ച ആരംഭിച്ചത്.