വാതകക്ഷാമം; ജർമനി ഊർജപ്രതിസന്ധിക്കരികെ
Thursday, June 23, 2022 11:59 PM IST
ബെർലിൻ: റഷ്യയിൽനിന്നുള്ള പ്രകൃതിവാതക ഇറക്കുമതി കുറഞ്ഞ സാഹചര്യത്തിൽ അടിയന്തര നടപടികളുമായി ജർമനി. സംഭരണകേന്ദ്രങ്ങളിൽ പരമാവധി വാതകം എത്തിക്കാൻ ലക്ഷ്യമിട്ട് 1500 കോടി യൂറോയുടെ വായ്പാപദ്ധതി സർക്കാർ പ്രഖ്യാപിച്ചു. വൻകിട വ്യവസായങ്ങളുടെ വാതക ഉപയോഗത്തിൽ കുറവു വരുത്താനായി ലേലസന്പ്രദായം നടപ്പാക്കാനും തീരുമാനിച്ചു.
റഷ്യയിൽനിന്നു വാതകം ലഭ്യമാകാതെ വന്നാലുള്ള പ്രതിസന്ധി മറികടക്കാനായി തയാറാക്കിയിട്ടുള്ള ത്രിതല പദ്ധതിയുടെ രണ്ടാം ഘട്ടമാണിത്. മൂന്നാം ഘട്ടത്തിൽ സർക്കാർ നേരിട്ടിടപെട്ട് വാതകത്തിനു റേഷൻ ഏർപ്പെടുത്തും.
ശൈത്യകാലത്തിനു മുന്പേ പരമാവധി വാതകം സംഭരിക്കാനാണു ജർമനി ലക്ഷ്യമിടുന്നത്. ജർമനിക്കു നല്കുന്ന വാതകത്തിൽ റഷ്യ കഴിഞ്ഞയാഴ്ച 40 ശതമാനം കുറവു വരുത്തിയിരുന്നു. സാങ്കേതിക കാരണങ്ങൾ പറഞ്ഞായിരുന്നിത്. വാതകം നല്കുന്ന പൈപ്പിൽ ജൂലൈ മധ്യത്തിൽ അറ്റകുറ്റപ്പണിയും നടത്തുന്നുണ്ട്. ഇതോടെ ജർമനിക്കു വാതകം ലഭ്യമല്ലാതാകും.
യുക്രെയ്ൻ അധിനിവേശത്തിന്റെ പേരിൽ ഉപരോധം ചുമത്തിയ യൂറോപ്യൻ യൂണിയനെ നേരിടാൻ റഷ്യ പ്രകൃതിവാതകത്തെ ആയുധമാക്കുകയാണെന്നു ജർമൻ ധനമന്ത്രി റോബർട്ട് ഹാബെക് കുറ്റപ്പെടുത്തി. യൂറോപ്യൻ യൂണിയൻ റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി നിർത്താൻ തീരുമാനിച്ചെങ്കിലും വാതകത്തിൽ തൊടാൻ തയാറായിട്ടില്ല.