ബംഗ്ലാദേശിൽ ബോട്ട് മുങ്ങി 24 മരണം
Monday, September 26, 2022 12:02 AM IST
ധാക്ക: വടക്കൻ ബംഗ്ലാദേശിൽ ഹൈന്ദവ തീർഥാടകർ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി 24 പേർ മരിച്ചു. നിരവധി പേരെ കാണാതായി. പഞ്ചഗഡിലെ കരാട്ടോവ നദിയിൽ ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം.
എട്ടു കുട്ടികളും നാലു പുരുഷന്മാരും 12 വനിതകളുമാണു മരിച്ചത്. എട്ടു പേരുടെ മരണം ആശുപത്രിയിൽവച്ചായിരുന്നു.
ബരഷാഷിയിലെ ബഡേശ്വരി ക്ഷേത്രത്തിൽ ദുർഗാ പൂജയ്ക്കു പോയവരുടെ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ബോട്ടിൽ 70- 80 പേരുണ്ടായിരുന്നുവെന്നാണ് അനുമാനം.
ഒട്ടേറെ പേർ നീന്തി കരപറ്റി. കാണാതായവർക്കായി തെരച്ചിൽ നടത്തുന്നതായി ബംഗ്ലാദേശ് അധികൃതർ അറിയിച്ചു.