ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് പുടിനുമായി കൂടിക്കാഴ്ച നടത്തും
Saturday, March 18, 2023 12:27 AM IST
ബെയ്ജിംഗ്/മോസ്കോ: ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് തിങ്കളാഴ്ച റഷ്യ സന്ദർശിച്ച് പ്രസിഡന്റ് വ്ലാദിമർ പുടിനുമായി കൂടിക്കാഴ്ച നടത്തും.
യുക്രെയ്ൻ യുദ്ധം അവസാനിപ്പിച്ച് മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതു സംബന്ധിച്ചു ചർച്ച ചെയ്യും. പ്രസിഡന്റ് പുടിന്റെ ക്ഷണപ്രകാരം ഷി മാർച്ച് 20 മുതൽ 22 വരെ റഷ്യൻ സന്ദർശനം നടത്തുമെന്നു ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് ഹു ചൂനിംഗ് പറഞ്ഞു.
യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യക്ക് ഉപരോധം ഏർപ്പെടുത്തിയ യൂറോപ്യൻ രാജ്യങ്ങൾക്കുള്ള ശക്തമായ സന്ദേശമാണു ഷിയുടെ റഷ്യൻ സന്ദർശനം. ചൈനീസ് പ്രസിഡന്റായി മൂന്നാംവട്ടവും ഷി ക്ക് അടുത്തിടെ പാർലമെന്റ് അംഗീകാരം നൽകിയിരുന്നു.
റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെ ചൈന ഒരിക്കലും തള്ളിപ്പറഞ്ഞിട്ടില്ല. റഷ്യയുമായി നിലവിലുള്ള സൈനിക-വ്യാപാര സഹകരണം ചൈന തുടർന്നുവരുന്നു.