ഇന്ററിനും നാപ്പോളിക്കും ജയം
Monday, January 14, 2019 11:26 PM IST
മിലാന്: കോപ്പ ഇറ്റാലിയ പ്രീക്വാര്‍ട്ടറില്‍ ഇന്റര്‍ മിലാനും നാപ്പോളിക്കും ഗംഭീരജയം. ആന്റോണിയോ കാന്ഡ്രെവ, ലൗതാരോ മാര്‍ട്ടിനസ് എന്നിവരുടെ ഇരട്ട ഗോളില്‍ ഇന്റര്‍ 6-2ന് ബെനെവെന്റോയെ തോല്‍പ്പിച്ചു.
ഇന്ററിന്റെ സാന്‍ സിറോ സ്റ്റേഡിയത്തില്‍ മത്സരം കാണാന്‍ കാണികളാരുമില്ലായിരുന്നു. കഴിഞ്ഞ മാസം ഇന്റര്‍ ആരാധകര്‍ നാപ്പോളിയുടെ കാലിഡു കൗലിബാലിയെ വംശീയമായി അധിക്ഷേപിച്ചതിനായിരുന്നു കാണികളെ വിലക്കിക്കൊണ്ടുള്ള നടപടി. 7, 90+5 മിനിറ്റുകളില്‍ കാന്ഡ്രെവയും 48, 66 മിനിറ്റുകളില്‍ മാര്‍ട്ടിനസും വലകുലുക്കി.
ഒരു ഗോള്‍ നേടുകയും ഒരു ഗോളിനു വഴിയൊരുക്കുകയും ചെയ്ത അര്കാഡിയുഷ് മിലിക്കിന്റെ മികവില്‍ നാപ്പോളി 2-0ന് സാസൗളോയെ പരാജയപ്പെടുത്തി. 15-ാം മിനിറ്റില്‍ മിലിക്കും ഫാബിയന്‍ റുയിസുമാണ് (74’) ഗോള്‍ നേടിയത്. മറ്റൊരു മത്സരത്തില്‍ ഫെഡറികോ ചീസയുടെ ഇരട്ട ഗോളില്‍ ഫിയൊറെന്റീന 2-0ന് ടോറിനോയെ തോല്പിച്ചു.