ഫെഡറർ x നദാൽ ക്ലാസിക്
Thursday, July 11, 2019 11:24 PM IST
ലണ്ടൻ: വിംബിൾഡണ്‍ ടെന്നീസ് പുരുഷ സിംഗിൾസ് സെമിയിൽ ഫെഡറർ x നദാൽ ക്ലാസിക് പോരാട്ടം. 2008 ഫൈനലിനുശേഷം ഇരുവരും വിംബിൾഡണിൽ നേർക്കുനേർ വരുന്നത് ഇതാദ്യമാണ്. അന്ന് അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിൽ നദാൽ കിരീടം സ്വന്തമാക്കി. ഇന്ന് ഇന്ത്യൻ സമയം രാത്രി 7.30നാണ് ക്ലാസിക് പോരാട്ടം അരങ്ങേറുക. കരിയറിൽ ഇതുവരെ ഇരുവരും 39 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. അതിൽ മൂന്ന് തവണ മാത്രമാണ് വിംബിൾഡണിൽ നേർക്കുനേർ ഇറങ്ങിയത് (2006, 2007, 2008).
സാം ഖുറേറിയെ 7-5, 6-2, 6-2നു കീഴടക്കിയാണ് സ്പാനിഷ് താരമായ നദാൽ സെമിയിൽ പ്രവേശിച്ചത്. ഇന്നു നടക്കുന്ന ആദ്യ സെമിയിൽ സെർബിയയുടെ നൊവാക് ജോക്കോവിച്ച് സ്പെയിനിന്റെ ബൗറ്റിസ്റ്റ അഗസ്തിനെ നേരിടും.
വനിതാ സിംഗിൾസിൽ യുക്രെയ്നിന്റെ എലിന സ്വിറ്റോലിനയെ നേരിട്ടുള്ള സെറ്റുകൾക്കു കീഴടക്കി റുമേനിയയുടെ സിമോണ ഹാലെപ്പ് ഫൈനലിൽ പ്രവേശിച്ചു. സ്കോർ: 6-1, 6-3.
ചരിത്രം കുറിച്ച് ഫെഡറർ
വിംബിൾഡണിൽ 100 ജയം സ്വന്തമാക്കുന്ന ആദ്യ താരമായി ഫെഡറർ, ഏതെങ്കിലും ഒരു ഗ്രാൻസ്ലാമിൽ 100 ജയം നേടുന്ന ആദ്യ താരവുമാണ്. ക്വാർട്ടറിൽ ജാപ്പനീസ് താരം കെയ് നിഷികോരിയെ 4-6, 6-1, 6-4, 6-4നു കീഴടക്കിയതോടെയാണ് സ്വിറ്റ്സർലൻഡ് താരം ചരിത്രം കുറിച്ചത്. ഗ്രാൻസ്ലാം ജയങ്ങളിൽ യുഎസ് ഓപ്പണിൽ 98 ജയം നേടിയ ജിമ്മി കോണേഴ്സ് ആണ് രണ്ടാമത്. ഓസ്ട്രേലിയൻ ഓപ്പണിൽ 97 ജയവുമായി ഫെഡററാണ് ഒന്നാമത്. ഫ്രഞ്ച് ഓപ്പണിൽ നദാലാണ് (93) വിജയങ്ങളിൽ ഒന്നാമത്.