ഇന്ത്യയ്ക്കു ജയം
Wednesday, August 7, 2019 12:11 AM IST
ഗയാന: രാജ്യാന്തര ട്വന്റി20യിൽ ഏറ്റവും കൂടുതൽ 50+ സ്കോറുകളെന്ന രോഹിത് ശർമയുടെ റെക്കോർഡിലേക്ക് ക്യാപ്റ്റൻ വിരാട് കോഹ്ലി ബാറ്റുവീശിയ മത്സരത്തിൽ, വെസ്റ്റിൻഡീസിനെതിരേ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. വെസ്റ്റിൻഡീസിനെതിരായ മൂന്നാം ട്വന്റി20യിൽ ഏഴു വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. വെസ്റ്റിൻഡീസ് ഉയർത്തിയ 147 റണ്‍സ് വിജയലക്ഷ്യം, അഞ്ചു പന്തു ബാക്കിനിൽക്കെ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തിൽ ഇന്ത്യ മറികടന്നു.
അരങ്ങേറ്റ ട്വന്റി-20 കളിച്ച രാഹുൽ ചാഹർ മൂന്ന് ഓവറിൽ 27 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് നേടി. വിൻഡീസ് ക്യാപ്റ്റൻ കാർലോസ് ബ്രാത്വൈറ്റിന്റെ (10 റണ്‍സ്) വിക്കറ്റാണ് രാഹുൽ നേടിയത്.
ബൗളിംഗ് തെരഞ്ഞെടുത്ത ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ തീരുമാനം ശരിവച്ച് ദീപക് ചാഹർ ആതിഥേയരുടെ മുൻനിര വിക്കറ്റുകൾ പിഴുതെറിഞ്ഞു. സുനിൽ നരെയ്ൻ (രണ്ട്), എവിൻ ലെവിസ് (10), ഷിംറണ്‍ ഹെറ്റ്മേയർ (ഒന്ന്) എന്നിവരെ ദീപക് മടക്കി. അതോടെ വിൻഡീസ് 3.5 ഓവറിൽ മൂന്നിന് 14ലേക്കു കൂപ്പുകുത്തി. തുടർന്ന് കിറോണ്‍ പൊള്ളാർഡ് (58 റണ്‍സ്), റോവ്മാൻ പവൽ (32 നോട്ടൗട്ട്) എന്നിവരാണ് വിൻഡീസിനെ കരകയറ്റിയത്. ദീപക് ചാഹർ മൂന്ന് ഓവറിൽ നാല് റണ്‍സിന് മൂന്ന് വിക്കറ്റ് സ്വന്തമാക്കി. നവ്ദീപ് സെയ്നി രണ്ട് വിക്കറ്റ് വീഴ്ത്തി.
രാഹുൽ അരങ്ങേറി; രോഹിത്തിനു വിശ്രമം
വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വന്റി-20ക്ക് ഇന്ത്യൻ ടീം ഇറങ്ങിയത് മൂന്ന് നിർണായക മാറ്റങ്ങളോടെ. ഇരുപതുകാരനായ ലെഗ് സ്പിന്നർ രാഹുൽ ചാഹറിന് അരങ്ങേറ്റത്തിനുള്ള അവസരം ലഭിച്ചപ്പോൾ മുതിർന്ന താരവും ഓപ്പണറുമായ രോഹിത് ശർമയ്ക്ക് വിശ്രമം അനുവദിച്ചു.
ഐപിഎലിൽ മികച്ച പ്രകടനം കാഴ്ചവച്ച രാഹുൽ ചാഹർ ഇന്ത്യ എയുടെ വെസ്റ്റ് ഇൻഡീസ് പര്യടത്തിലും മികവ് ആവർത്തിച്ചതോടെയാണ് സീനിയർ ടീമിലേക്ക് വിളിയെത്തിയത്. കഴിഞ്ഞ വർഷം ഏകദിനം, ട്വന്റി-20 അരങ്ങേറ്റം നടത്തിയ ദീപക് ചാഹറിന്റെ കസിൻ ആണ് രാഹുൽ.
രോഹിത് ശർമയ്ക്കു പകരം കെ.എൽ. രാഹുൽ അവസാന പതിനൊന്നിൽ ഉൾപ്പെട്ടു. രവീന്ദ്ര ജഡേജയ്ക്കു പകരമാണ് രാഹുൽ ചാഹർ പ്ലേയിംഗ് ഇലവനിലെത്തിയത്. പേസർ ഖലീൽ അഹമ്മദിനു പകരം ദീപക് ചാഹറും കളിക്കളത്തിൽ എത്തി. അതോടെ സഹോദരന്മാർ ഒന്നിച്ച് ഇന്ത്യക്കായി കളിക്കുന്നതിനാണ് ഗയാന സാക്ഷ്യംവഹിച്ചത്.