സൂപ്പർ ടീമുകൾക്കു ജയം
Monday, September 9, 2019 11:56 PM IST
മാഡ്രിഡ്: 2020 യൂറോകപ്പ് ഫുട്ബോള്‍ യോഗ്യതാ മത്സരങ്ങളില്‍ സ്പെയിന്, ഇറ്റലി, സ്വിറ്റ്സര്‍ലന്‍ഡ് ടീമുകള്‍ക്കു ജയം. അര്‍മേനിയയ്ക്ക് അട്ടിമറി ജയം.
ഗ്രൂപ്പ് എഫില്‍ സ്പെയിന് 4-0ന് ഫാറോ ഐലന്‍ഡിനെ തോല്‍പ്പിച്ച് തുടര്‍ച്ചയായ ആറാം ജയം സ്വന്തമാക്കി. റോഡ്രിഗോ, പാകോ അല്‍കാസര്‍ എന്നിവരുടെ ഇരട്ട ഗോളിലാണ് സ്പെയിന്റെ ജയം. ഈ മത്സരത്തിലുടെ സെര്‍ജിയ റാമോസ് സ്പെയിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ ഇറങ്ങിയ ഇകര്‍ കസിയസിന്റെ (167 മത്സരം) റിക്കാര്‍ഡിനൊപ്പമെത്തി. 18 പോയിന്റുമായി സ്പെയിന് ഒന്നാമതും 11 പോയിന്റുള്ള സ്വീഡന് രണ്ടാം സ്ഥാനത്തുമാണ്. സ്വീഡന്- നോര്‍വേ മത്സരം 1-1ന് സമനിലയായിരുന്നു. റൊമേനിയ 1-0നു മാള്‍ട്ടയെ പരാജയപ്പെടുത്തി.
ഗ്രൂപ്പ് ജെയില്‍ ഇറ്റലി 2-1ന് ഫിന്‍ലന്‍ഡിനെ തോല്‍പ്പിച്ച് ഗ്രൂപ്പില്‍ തുടര്‍ച്ചയായ ആറാം ജയം സ്വന്തമാക്കി. 18 പോയിന്റുള്ള ഇറ്റലിയാണ് ഒന്നാമത്. 12 പോയിന്റുമായി ഫിന്‍ലന്‍ഡ് രണ്ടാമതും. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ അര്‍മേനിയ ഹെന്റിക് 4-2ന് ബോസ്നിയ ആന്‍ഡ് ഹെര്‍സഗോവിനയെ പരാജയപ്പെടുത്തി. ഗ്രൂപ്പ് ഡിയില്‍ സ്വിറ്റ്സര്‍ലന്‍ഡ് 4-0ന് ജിബ്രാൾട്ടറെ തോല്‍പ്പിച്ചു. ഗ്രൂപ്പില്‍ സ്വിറ്റ്സര്‍ലന്‍ഡ് മൂന്നാം സ്ഥാനത്താണ്. 11 പോയിന്റുള്ള അയര്‍ലന്‍ഡാണ് ഒന്നാമത്. ഡെന്മാര്ക്കാണ് രണ്ടാമത്. ഡെന്മാര്ക്ക്-ജോര്‍ജിയ മത്സരം ഗോള്‍രഹിത സമനിലയായി.