ഷൂമാക്കർ ചികിത്സയ്ക്കായി പാരീസിൽ
Tuesday, September 10, 2019 11:33 PM IST
ജർമനിയുടെ ഫോർമുല വണ്‍ ഇതിഹാസം മൈക്കിൾ ഷൂമാക്കറെ (50) പാരീസിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. പാരീസിലെ ജോർജ് പോംപിഡോ ആശുപത്രിയിൽ വ്യാജപേരിൽ അഡ്മിറ്റ് ചെയ്തുവെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇതനുസരിച്ച്, ജനീവയിൽനിന്ന് ആംബുലൻസുമായി ഷൂമാക്കറെ ഫ്രഞ്ച് തലസ്ഥാനത്തേക്കു കൊണ്ടുവന്നു.
ഷൂമാക്കറെ ഹൃദയ ശസ്ത്രക്രിയാ വിഭാഗത്തിൽ പ്രവേശിപ്പിച്ചതായിട്ടാണ് റിപ്പോർട്ട്. പ്രശസ്ത കാർഡിയാക് സർജൻ പ്രൊഫസർ ഫിലിപ്പ് മെനാഷെ ആണ് അദ്ദേഹത്തെ ചികിത്സിക്കുന്നത്. ഹൃദയസംബന്ധമായ അസുഖങ്ങൾക്കായുള്ള സെൽ തെറാപ്പിയിൽ സ്പെഷലിസ്റ്റാണ് മെനാഷെ. 2013 ഡിസംബർ 29 ന് ആൽപ്സിലെ സ്കീയിംഗ് റിസോർട്ടായ മെറിബെൽ എന്ന സ്ഥലത്തുവച്ച് ഷൂമാക്കർക്ക് സ്കീയിംഗിനിടെ അപകടമുണ്ടാവുകയും, അദ്ദേഹത്തിന്റെ തലച്ചോറിനു ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തിരുന്നു. ഷൂമി ഇപ്പോഴും കോമയിലാണ്.
ജോസ് കുന്പിളുവേലിൽ