അസമോവ ഗ്യാൻ ഐഎസ്എലിന്
Thursday, September 19, 2019 11:26 PM IST
കോൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫുട്ബോളിൽ പന്തുതട്ടാൻ ഘാന ഇതിഹാസം അസമോവ ഗ്യാൻ എത്തുന്നു.
ഘാനയുടെ എക്കാലത്തെയും മികച്ച ഗോൾ സ്കോററായ മുൻ നായകൻ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയുമായി കരാറിലായി. ഇക്കാര്യം നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ആണ് അറിയിച്ചത്. കേരള ബ്ലാസ്റ്റേഴ്സിലേക്ക് ചേക്കേറിയ ഗോളടിയന്ത്രം ബെർത്തലോമിയ ഓഗ്ബെച്ചെയ്ക്ക് പകരമാണ് ഗ്യാനെ നോർത്ത് ഈസ്റ്റ് തങ്ങളുടെ പാളയത്തിലെത്തിച്ചത്.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സണ്ടർലൻഡിനായി 36 മത്സരങ്ങളിൽ 11 ഗോൾ നേടിയിട്ടുണ്ട്. ലോണിൽ യുഎഇ ക്ലബ് അൽ ഐനിൽ കളിച്ച പരിചയവും ഗ്യാനിനുണ്ട്. 66 മത്സരങ്ങളിൽ 60 ഗോളുകളാണ് അവിടെ അടിച്ചുകൂട്ടിയത്. ഫ്രഞ്ച് ലീഗ് വണ്ണിൽ റെന്നസിനായി പന്തുതട്ടി.
ഘാനയ്ക്കായി 2003ൽ 17-ാം വയസിലായിരുന്നു ഗ്യാന്റെ രാജ്യാന്തര അരങ്ങേറ്റം. 107 മത്സരങ്ങളിൽ 51 ഗോളുകൾ അടിച്ചുകൂട്ടി. 2006 ലോകകപ്പിൽ ചെക് റിപ്പബ്ലിക്കിനെതിരേ 68-ാം സെക്കൻഡിൽ ഗോൾ നേടി ഗ്യാൻ ചരിത്രമെഴുതി. 2010, 2014 ലോകകപ്പുകളിലും ഗോൾ നേടിയ ഗ്യാൻ കഴിഞ്ഞ മെയിൽ അന്താരാഷ്ട്ര ഫുട്ബോളിൽനിന്ന് ബൂട്ടഴിച്ചു. 2010ൽ ഘാനയുടെ ജൈത്രയാത്ര ഗ്യാനിന്റെ ചിറകിലേറിയായിരുന്നു.