പിഎസ്ജി, ബയേണ്‍, യുവെ നോക്കൗട്ടിൽ
Thursday, November 7, 2019 11:58 PM IST
പാരീസ്/മ്യൂണിക്ക്/മാഡ്രിഡ്: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോളിൽ പിഎസ്ജി, ബയേണ്‍ മ്യൂണിക്ക്, യുവന്റസ് എന്നിവ ജയത്തോടെ പ്രീക്വാർട്ടർ ഉറപ്പിച്ചു. റയൽ മാഡ്രിഡ്, ടോട്ടനം ഹോട്സ്പർ എന്നിവ വന്പൻ ജയം സ്വന്തമാക്കിയപ്പോൾ മാഞ്ചസ്റ്റർ സിറ്റി സമനിലയിൽ കുടുങ്ങുകയും അത്ലറ്റിക്കോ മാഡ്രിഡ് പരാജയപ്പെടുകയും ചെയ്തു.
ലെവൻഡോവ്സ്കി
റോബർട്ട് ലെവൻഡോവ്സ്കി (69), ഇവാൻ പെരിസിക് (89) എന്നിവരുടെ ഗോളുകളിലൂടെ ഗ്രൂപ്പ് ബിയിൽ ബയേണ്‍ 2-0ന് ഒളിന്പ്യാകസിനെ കീഴടക്കി. ഗ്രൂപ്പിൽ തുടർച്ചയായ നാലാം ജയമാണ് ബയേണ്‍ സ്വന്തമാക്കിയത്. സീസണിൽ ലെവൻഡോവ്സ്കിയുടെ 21-ാം ഗോളാണ്. പരിശീലകസ്ഥാനത്തുനിന്ന് നികോ കൊവാകിനെ പുറത്താക്കിയശേഷം ബയേണിന്റെ ആദ്യ മത്സരമായിരുന്നു.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ടോട്ടനം എവേ പോരാട്ടത്തിൽ 4-0ന് റെഡ്സ്റ്റാർ ബെൽഗ്രേഡിനെ കീഴടക്കി നോക്കൗട്ട് സാധ്യത സജീവമാക്കി. ജിയോവാണി ലൊ സെൽസോ (34), സണ്‍ ഹ്യൂൻ മിൻ (57, 61), ക്രിസ്റ്റ്യൻ എറിക്സണ് (85) എന്നിവരായിരുന്നു ടോട്ടനത്തിന്റെ ഗോൾ നേട്ടക്കാർ.
ഇഞ്ചുറിയിൽ യുവെ ജയം
ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റിൽ ഡഗ്ലസ് കോസ്റ്റ നേടിയ ഗോളിലായിരുന്നു ഗ്രൂപ്പ് ഡിയിൽ യുവന്റസ് 2-1ന് ലോകോമോട്ടീവ് മോസ്കോയെ കീഴടക്കിയത്. രണ്ട് മത്സരം ശേഷിക്കേ 10 പോയിന്റുമായാണ് യുവെ പ്രീക്വാർട്ടർ ഉറപ്പിച്ചത്. മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഫ്രീകിക്കിൽ ലോക്കോ ഗോളിയുടെ കൈ ചോർന്നപ്പോൾ ആരോണ്‍ റാംസി വലകുലുക്കി. എന്നാൽ, 12-ാം മിനിറ്റിൽ ആതിഥേയർ സമനിലയിലെത്തി.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ബയർ ലെവർകൂസൻ 2-1ന് അത്ലറ്റിക്കോ മാഡ്രിഡിനെ കീഴടക്കി.
ആറടിച്ച് റയൽ
ഗ്രൂപ്പ് എയിൽ ക്ലബ് ബ്രൂഗിയെ സ്വന്തം തട്ടകത്തിൽവച്ച് 1-0നു പരാജയപ്പെടുത്തി പിഎസ്ജി പ്രീക്വാർട്ടറിൽ കടന്നപ്പോൾ മറ്റൊരു മത്സരത്തിൽ ഗോളിൽ റയൽ മാഡ്രിഡ് ആറാടി. മൊറൊ ഇക്കാർഡി (21) നേടിയ ഗോളിലായിരുന്നു പിഎസ്ജിയുടെ ജയം. നാല് മത്സരങ്ങളിൽനിന്ന് 12 പോയിന്റാണ് പിഎസ്ജിക്കുള്ളത്.
ഗലറ്റ്സറെയ്ക്കെതിരേ അവരുടെ തട്ടകത്തിലിറങ്ങിയ റയലിനായി റോഡ്രിഗോ (4,7, 90+2) ഹാട്രിക്ക് നേടി. സെർജ്യോ റാമോസ് (14-പെനൽറ്റി), കരിം ബെൻസെമ (45, 81) എന്നിവരും റയലിനായി വലകുലുക്കിയപ്പോൾ മാഡ്രിഡ് വന്പന്മാരുടെ ജയം 6-0 എന്ന വ്യത്യാസത്തിലായി.
സിറ്റിക്ക് കാത്തിരിപ്പ്
ഗ്രൂപ്പ് സിയിൽ നാല് മത്സരങ്ങളിൽ 10 പോയിന്റോടെ മാഞ്ചസ്റ്റർ സിറ്റി പ്രീക്വാർട്ടർ കാത്തിരിപ്പിൽ. അതലാന്തയോട് എവേ പോരാട്ടത്തിൽ 1-1 സമനില വഴങ്ങിയതാണ് സിറ്റിയുടെ കാത്തിരിപ്പ് നീട്ടിയത്. 81-ാം മിനിറ്റിൽ സിറ്റി ഗോളി ക്ലൗഡിയോ ബ്രാവോ ചുവപ്പ് കാർഡ് കണ്ടു.