ഐഎസ്എലിൽ ഇന്നു മുതൽ ഇടവേള
Monday, November 11, 2019 12:12 AM IST
ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫുട്ബോളിൽ ഇന്നു മുതൽ ഇടവേള. ഇന്ത്യയുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ ഇടവേള. ഇന്നലെ ബംഗളൂരു എഫ്സി x ചെന്നൈയിൻ എഫ്സി പോരാട്ടത്തോടെ നാല് റൗണ്ട് മത്സരങ്ങൾ പൂർത്തിയാക്കിയാണ് രണ്ട് ആഴ്ചത്തെ ഇടവേളയ്ക്ക് ഐഎസ്എൽ പിരിഞ്ഞത്. ഒന്പത് പോയിന്റുള്ള മുൻ ചാന്പ്യന്മാരായ എടികെയാണ് നിലവിൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത്.
തോൽവി അറിയാത്ത ഗോവയും നോർത്ത് ഈസ്റ്റ് യുണൈറ്റഡും എട്ട് പോയിന്റ് വീതവുമായി രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. 23-ാം തീയതി ബംഗളൂരു എഫ്സിയും കേരള ബ്ലാസ്റ്റേഴ്സും തമ്മിലുള്ള മത്സരത്തോടെയാണ് ഐഎസ്എലിനു വീണ്ടും പന്തുരുളുക. ബംഗളൂരു എഫ്സിയുടെ തട്ടകത്തിലാണ് ആ മത്സരം.
14, 19 തീയതികളിലാണ് ഇന്ത്യയുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ. 14ന് അഫ്ഗാനിസ്ഥാനെതിരേ അവരുടെ നാട്ടിലാണ് ആദ്യ പോരാട്ടം. 19ന് മറ്റൊരു എവേ പോരാട്ടത്തിൽ ഒമാനെ നേരിടും. ലോകകപ്പ് യോഗ്യതാ രണ്ടാം റൗണ്ട് പോരാട്ടത്തിലെ ഗ്രൂപ്പ് ഇയിൽ ഇന്ത്യക്ക് ഇതുവരെ ജയം നേടാൻ സാധിച്ചിട്ടില്ല. മൂന്ന് മത്സരങ്ങളിൽനിന്ന് രണ്ട് പോയിന്റ് മാത്രമാണ് ഇന്ത്യയുടെ സന്പാദ്യം. ഖത്തറിനെതിരേ അവരുടെ തട്ടകത്തിൽ ഗോൾ രഹിത സമനില പിടിച്ചതാണ് ഗ്രൂപ്പിൽ ഇന്ത്യയുടെ ഏക നേട്ടം.