ഇരട്ടപ്പോരാട്ടം
Wednesday, November 13, 2019 10:51 PM IST
കായികപ്രേമികൾക്ക് ആവേശമായി ഇന്ത്യക്ക് ഇന്ന് രണ്ട് മത്സരങ്ങൾ. ഇന്ത്യൻ ക്രിക്കറ്റ് ടീം ബംഗ്ലാദേശിനെതിരായ രണ്ട് മത്സര ടെസ്റ്റ് പരന്പരയിലെ ആദ്യ പോരാട്ടത്തിന് ഇന്ന് ഇൻഡോറിൽ ഇറങ്ങും. രാവിലെ 9.30നാണ് മത്സരം. ടെസ്റ്റ് ക്രിക്കറ്റിന്റെ ലഹരി തീരുന്നതോടെ ഫുട്ബോളിന്റെ ആവേശം ഉയരും. ഇന്ത്യൻ ഫുട്ബോൾ ടീം 2020 ലോകകപ്പ് യോഗ്യതാ പോരാട്ടത്തിൽ അഫ്ഗാനിസ്ഥാനെ നേരിടും, ഇന്ത്യൻ സമയം രാത്രി 7.30നാണ് മത്സരം.
ടെസ്റ്റ് ക്രിക്കറ്റ്
ഇൻഡോർ: ഐസിസി ലോക ടെസ്റ്റ് ക്രിക്കറ്റ് ചാന്പ്യൻഷിപ്പിന്റെ ഭാഗമായുള്ള പോരാട്ടമാണ് ഇന്ന് ആരംഭിക്കുന്ന ഇന്ത്യ x ബംഗ്ലാദേശ് ആദ്യ മത്സരം. ലോക ചാന്പ്യൻഷിപ്പിന്റെ ഭാഗമായി ഇന്ത്യ ഇതുവരെ കളിച്ച മത്സരങ്ങളിലെല്ലാം ജയം നേടിയിരുന്നു. ബംഗ്ലാദേശിനെതിരേയും സന്പൂർണ ജയത്തിൽ കുറഞ്ഞ ഒന്നുകൊണ്ടും വിരാട് കോഹ്ലിയും സംഘവും തൃപ്തിയടയില്ല. രണ്ട് മത്സര പരന്പരയിലെ ആദ്യ മത്സരമാണ് ഇന്ന് ഇൻഡോറിൽ ആരംഭിക്കുന്നത്. രണ്ടാം മത്സരം 22ന് കോൽക്കത്തയിൽ ഡേ-നൈറ്റ് ആയാണ്. ഇരു ടീമുകളും ആദ്യമായാണ് ഡേ-നൈറ്റ് ടെസ്റ്റിനിറങ്ങുന്നതെന്ന പ്രത്യേകതയുണ്ട്.
തമിം ഇക്ബാലും വിലക്ക് നേരിടുന്ന ഷക്കീബ് അൽ ഹസനും ഇല്ലാതെയാണ് ബംഗ്ലാദേശ് ഇറങ്ങുന്നത്. എന്നാൽ, ബംഗ്ല സംഘത്തെ എഴുതിത്തള്ളുക അസാധ്യമാണ്. ക്രിക്കറ്റിന്റെ ദൈർഘ്യമേറിയ മത്സരത്തിൽ താരതമ്യേന ബംഗ്ലാദേശ് ബലഹീനമാണ്. പ്രത്യേകിച്ച് ഇന്ത്യയുടെ പേസ്-സ്പിൻ ബൗളിംഗ് യൂണിറ്റിനെ നേരിടുക അവർക്ക് ശ്രമകരമാകും. ജസ്പ്രീത് ബുംറയുടെ അഭാവത്തിലും ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കിയ ബൗളിംഗ് സംഘമാണ് ഇന്ത്യക്കുള്ളത്. മുഷ്ഫിക്കർ റഹീം, മുഹമ്മദുള്ള റിയാദ്, ക്യാപ്റ്റൻ മൊമിനുൾ ഹഖ് തുടങ്ങിയവരിലാണ് ബംഗ്ലാദേശിന്റെ പ്രതീക്ഷ.
ബാറ്റിംഗിലും ഇന്ത്യയുടെ കരുത്ത് അപാരമാണ്. രോഹിത് ശർമ ഓപ്പണറായി ദക്ഷിണാഫ്രിക്കയ്ക്കെതിരേ നടത്തിയ പ്രകടനം ഇന്ത്യയുടെ കരുത്ത് വർധിപ്പിച്ചു. ക്യാപ്റ്റൻ വിരാട് കോഹ്ലി, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ, മായങ്ക് അഗർവാൾ എന്നിവരും ഫോമിലാണ്. ഇവരെ നിലയ്ക്കു നിർത്തുക എന്ന ശ്രമകരമായ ദൗത്യമാണ് ബംഗ്ലാദേശിന്റെ മുസ്താഫിസുർ റഹ്മാൻ, തയ്ജുൾ ഇസ്ലാം, മെഹിഡി ഹസൻ എന്നിവരടങ്ങുന്ന ബൗളിംഗ് സംഘത്തിനുള്ളത്.
ദക്ഷിണാഫ്രിക്കയ്ക്കെതിരേ മികച്ച കളി കെട്ടഴിക്കാൻ സാധിച്ചു. അതെല്ലാം കഴിഞ്ഞു. ബംഗ്ലാദേശ് മികച്ച ടീമാണ്. ലോക ചാന്പ്യൻഷിപ്പിലെ ഓരോ മത്സരവും പ്രധാനപ്പെട്ടതാണ്. ഓരോ മത്സരത്തെയും പ്രത്യേകം ശ്രദ്ധിക്കുകയാണ് ടീം ചെയ്യുന്നത്. ഇൻഡോർ മത്സരമാണ് ഇപ്പോഴത്തെ ശ്രദ്ധാകേന്ദ്രം- അജിങ്ക്യ രഹാനെ പറഞ്ഞു.
ടെസ്റ്റ് ചാന്പ്യൻഷിപ്പ്
ടീം, മത്സരം, ജയം, തോൽവി, പോയിന്റ്
ഇന്ത്യ 5 5 0 240
ന്യൂസിലൻഡ് 2 1 1 60
ശ്രീലങ്ക 2 1 1 60
ഓസ്ട്രേലിയ 5 2 2 56
ഇംഗ്ലണ്ട് 5 2 2 56
ലോകകപ്പ് യോഗ്യത ഫുട്ബോൾ

ദുഷാൻബെ (തജിക്കിസ്ഥാൻ): സ്ഥിരത കണ്ടെത്താൻ വിഷമിക്കുന്ന ഇന്ത്യൻ ഫുട്ബോൾ ടീം, ലോകകപ്പ് രണ്ടാം റൗണ്ട് യോഗ്യതാ പോരാട്ടത്തിൽ ആദ്യ ജയം തേടി ഇറങ്ങുന്നു. തജിക്കിസ്ഥാനിലെ ദുഷാൻബെയിൽ നടക്കുന്ന മത്സരത്തിൽ ജയത്തിൽകുറഞ്ഞ ഒന്നുകൊണ്ടും ഇന്ത്യ തൃപ്തമാകില്ല. ശൈത്യത്തിന്റെ പ്രതികൂല ഘടകവും അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യക്ക് വിഷമം സൃഷ്ടിക്കും. ഗ്രൂപ്പ് ഇയിൽ മൂന്ന് മത്സരങ്ങളിൽ രണ്ട് ജയവും ഒരു തോൽവിയും നേരിട്ട ഇന്ത്യ രണ്ട് പോയിന്റുമായി നാലാമതാണ്. മൂന്ന് പോയിന്റാണ് അഫ്ഗാനിസ്ഥാനുള്ളത്.
ഗ്രൂപ്പിൽ ആദ്യ മത്സരത്തിൽ ഒമാനോട് 2-1നു പരാജയപ്പെട്ടെങ്കിലും രണ്ടാം മത്സരത്തിൽ ഖത്തറിനെ അവരുടെ തട്ടകത്തിൽചെന്ന് ഗോൾരഹിത സമനിലയിൽ ഇന്ത്യ തളച്ചത് പ്രതീക്ഷ വർധിപ്പിച്ചിരുന്നു. എന്നാൽ, ബംഗ്ലാദേശിനെതിരേ കഴിഞ്ഞ മാസം 15ന് 1-1 സമനില വഴങ്ങിയത് എല്ലാം തകിടം മറിച്ചു. ഫിഫ ലോക റാങ്കിംഗിൽ 106-ാം സ്ഥാനത്താണ് ഇന്ത്യ. അഫ്ഗാനിസ്ഥാൻ 149-ാമതും.
യുദ്ധ, ഭീകരാക്രമണ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് അഫ്ഗാനിസ്ഥാൻ ഹോം ഗ്രൗണ്ട് ദുഷാൻബെയിലേക്ക് മാറ്റിയത്. സെൻട്രൽ റിപ്പബ്ലിക്കൻ സ്റ്റേഡിയത്തിലെ കൃത്രിമ പുൽത്തകിടിയിലാണ് മത്സരം. അതിശൈത്യം വില്ലനായേക്കും. ഇത്തരം സാഹചര്യങ്ങളിൽ ഇന്ത്യ ഇതുവരെ കളിച്ചിട്ടില്ലെന്നതും പ്രശ്നമാണ്.
ഇരു ടീമുകളും ഇതുവരെ എട്ട് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. ആറ് തവണ ഇന്ത്യ ജയിച്ചപ്പോൾ ഒരു മത്സരം സമനിലയിൽ കലാശിച്ചു. 2013 സാഫ് ചാന്പ്യൻഷിപ്പ് ഫൈനലിലാണ് ഇന്ത്യയും അഫ്ഗാനും അവസാനമായി നേർക്കുനേർ വന്നത്. അന്ന് 2-0ന് അഫ്ഗാൻ ജയിച്ചിരുന്നു.
അമ്മ യാത്രയായി, അനസ് നാട്ടിലേക്കു മടങ്ങി
മലയാളി പ്രതിരോധതാരം അനസ് എടത്തൊടിക, മാതാവ് ഖദീജ (60) അന്തരിച്ചതോടെ ഇന്ത്യയിലേക്ക് തിരിച്ചുപോന്നു. അർബുദ രോഗബാധയെത്തുടർന്ന് ഏറെനാളായി ഖദീജ ചികിത്സയിലായിരുന്നു. പരിക്കേറ്റ സന്ദേശ് ജിങ്കന്റെ പിന്നാലെ അനസും ഇല്ലാത്തത് ഇന്ത്യയുടെ പ്രതിരോധ കരുത്ത് ചോർത്തും.
ഗ്രൂപ്പ് ഇ
ടീം, മത്സരം, ജയം, സമനില, തോൽവി, പോയിന്റ്
ഖത്തർ 4 3 1 0 10
ഒമാൻ 3 2 0 1 6
അഫ്ഗാൻ 3 1 0 2 3
ഇന്ത്യ 3 0 2 1 2
ബംഗ്ലാദേശ് 3 0 1 2 1