ദേശീയ ഗെയിംസിൽ കേരളത്തിനുവേണ്ടി; ഇവിടെ പോലീസിനുവേണ്ടി
Thursday, December 5, 2019 12:19 AM IST
കണ്ണൂർ: ദേശീയ ഗെയിംസിൽ ബോക്സിംഗിൽ കേരളത്തിനുവേണ്ടി മെഡൽ നേടിയ താരം കണ്ണൂരിൽ മത്സരിക്കാനെത്തിയത് ഓൾ ഇന്ത്യ പോലീസ് ടീമിനുവേണ്ടി. മണിപ്പുർ സ്വദേശിനി എം. മീനാകുമാരി ദേവിയാണ് 54 കിലോ വിഭാഗത്തിൽ ഓൾ ഇന്ത്യ പോലീസിനുവേണ്ടി മത്സരത്തിറങ്ങിയത്. 2013 മുതൽ 2016 വരെ തിരുവനന്തപുരം സായിയിലായിരുന്നു മീനാ കുമാരി ഉണ്ടായിരുന്നത്.
2016-ൽ കേരളത്തിൽ നടന്ന ദേശീയ ഗെയിംസിൽ ബോക്സിംഗിൽ സ്വർണമെഡൽ നേടിയിരുന്നു. തുടർന്ന് കേരള സർക്കാർ വിദ്യാഭ്യാസ വകുപ്പിൽ ജോലി നൽകാനുള്ള തയാറെടുപ്പിലായിരുന്നു. ഇതിനിടെ സിഐഎസ്എഫിൽ ഹെഡ് കോൺസ്റ്റബിളായി നിയമനം ലഭിച്ചതിനാൽ കേരളത്തിൽനിന്ന് പോകേണ്ടിവന്നു. ഡെറാഡൂണിലാണ് ഇപ്പോൾ ജോലിചെയ്യുന്നത്. 2015-ൽ കേരളത്തിനുവേണ്ടി ദേശീയ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടി. എം. രാജൻ സിംഗ്-എം. ബെംദേവി ദമ്പതികളുടെ മകളായ മീനാകുമാരി ഇന്നലെ നടന്ന മത്സരത്തിൽ ഉത്തർപ്രദേശിന്റെ കനിക ചൗധരിയെയാണ് തോൽപ്പിച്ചത്.