കൊറോണ: സീരി എ പോരാട്ടം അടച്ചിട്ട സ്റ്റേഡിയത്തിൽ
Wednesday, February 26, 2020 12:31 AM IST
മിലാൻ: കൊറോണ വൈറസ് ബാധയെത്തുടർന്ന് ഏഴ് പേർ മരിച്ചതിനെത്തുടർന്ന് ഇറ്റായിലൻ സീരി എ ഫുട്ബോൾ മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയങ്ങളിൽ നടത്താൻ തീരുമാനം. 220 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ ഇറ്റലിയിലെ ചില മേഖലകളിൽ പൊതു പരിപാടികൾക്ക് അനുമതി ലഭിക്കില്ല. അടുത്ത ഞായറാഴ്ച വരെ ഈ നിരോധനമുണ്ട്. എന്നാൽ, ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷൻ പ്രത്യേക അനുമതി നേടിയാണ് അടച്ചിട്ട സ്റ്റേഡിയങ്ങളിൽ മത്സരം നടത്തുന്നത്.
ലീഗിന്റെ തലപ്പത്തുള്ള യുവന്റസും മൂന്നാം സ്ഥാനത്തുള്ള ഇന്റർ മിലാനും തമ്മിൽ ശനിയാഴ്ച നടക്കേണ്ട മത്സരം ഉൾപ്പെടെ അടച്ചിട്ട സ്റ്റേഡിയത്തിലാകും നടക്കുക. സീരി എയിൽ സാംപ്ഡോറിയയ്ക്കെതിരായ ഇന്ററിന്റെ കഴിഞ്ഞ മത്സരം റദ്ദാക്കിയിരുന്നു. യൂറോപ്പ ലീഗിൽ രണ്ടാം പാദ പ്രീക്വാർട്ടറിൽ ശനിയാഴ്ച നടക്കേണ്ട ഇന്ററിന്റെ മത്സരവും അടച്ചിട്ട സ്റ്റേഡിയത്തിൽ നടക്കും.
ഞായറാഴ്ച നടക്കേണ്ട എസി മിലാൻ x ജെനോവ, പാർമ x സ്പാൽ, സസോളോ x ബ്രെഷ്യ, യുഡിനസ് x ഫിയോറെന്റീന മത്സരങ്ങളും തിങ്കളാഴ്ചത്തെ സംപ്ഡോറിയ x വെറോണ പോരാട്ടവും അടച്ചിട്ട സ്റ്റേഡിയത്തിലാകും നടക്കുക. നേരത്തെ ഇറ്റാലിയൻ ലീഗിൽ നാല് മത്സരം മാറ്റിവച്ചിരുന്നു.