രാഹുലിനെ ഒഴിവാക്കിയത് എന്തിന്: കപിൽ
Wednesday, February 26, 2020 12:31 AM IST
മുംബൈ: ന്യൂസിലൻഡിനെതിരായ രണ്ട് മത്സര ടെസ്റ്റ് പരന്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ നാണംകെട്ട തോൽവി വഴങ്ങിയതിനെത്തുടർന്ന് ടീം സെലക്ടർമാർക്കെതിരേ രൂക്ഷ വിമർശനവുമായി മുൻ താരം കപിൽ ദേവ് രംഗത്ത്. സമീപ നാളിൽ ഏകദിനത്തിലും ട്വന്റി-20യിലും മികച്ച ഫോമിൽ കളിച്ച കെ.എൽ. രാഹുലിനെ എന്തിനാണ് ടീമിൽനിന്ന് ഒഴിവാക്കിയതെന്നും കപിൽ ദേവ് ചോദിച്ചു.
എന്തിനാണ് ടീമിൽ നിരന്തരം മാറ്റം വരുത്തുന്നത്. ടീമിൽ ആരും തന്നെ സ്ഥിരമല്ല. സ്വന്തം സ്ഥാനത്ത് സുരക്ഷിതത്വം തോന്നിയില്ലെങ്കിൽ അവരുടെ പ്രകടനത്തെയും അത് ബാധിക്കും. ഒരു ടീമിനെ നിർമിക്കുന്പോൾ താരങ്ങൾക്ക് ആത്മവിശ്വാസം നൽകാനാവണം. ഓരോ ഫോർമാറ്റിനും ഓരോ താരങ്ങൾ എന്നാണ് മാനേജ്മെന്റ് വിശ്വസിക്കുന്നത്. സമീപകാലത്ത് കെ.എൽ. രാഹുൽ മികച്ച ഫോമിലാണ്, പക്ഷേ, അദ്ദേഹം ടീമിന് പുറത്തും. ഒരു താരം മികച്ച ഫോമിലാണെങ്കിൽ അദ്ദേഹത്തിന് അവസരം നൽകണം എന്നാണ് എന്റെ വിശ്വാസം - കപിൽ ദേവ് പറഞ്ഞു.