ഈ വിശ്രമകാലം സ്വാഗതാര്‍ഹം: ശാസ്ത്രി
Saturday, March 28, 2020 11:59 PM IST
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കളിക്കളങ്ങള്‍ നിശ്ചലമായതോടെ, ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ലഭിക്കുന്ന ഈ നീണ്ട വിശ്രമം സ്വാഗതാര്‍ഹമാണെന്ന് പരിശീലകന് രവി ശാസ്ത്രി. കഴിഞ്ഞ മേയില്‍ അവസാനിച്ച ലോകകപ്പിനുശേഷം 10-11 ദിവസങ്ങള്‍ മാത്രമാണു ശാസ്ത്രിക്ക് കുടുംബത്തിനൊപ്പം ചെലവഴിക്കാനായത്.
കോവിഡ് ഭീതിയെ തുടര്‍ന്ന് ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര റദ്ദാക്കുകയും ഈ മാസം 29ന് ആരംഭിക്കേണ്ടിയിരുന്ന ഐപിഎല്‍ നീട്ടിവയ്ക്കുകയും ചെയ്തിരുന്നു. ഇതിനു പുറമെ എല്ലാ ആഭ്യന്തര ടൂര്‍ണമെന്റുകളും ബിസിസിഐ റദ്ദാക്കി. ആഗോളതലത്തില്‍ രോഗം വ്യാപിച്ചതോടെ കായികലോകം മുഴുവന്‍ സ്തംഭിച്ചിരിക്കുകയാണ്. ഇതോടെ താരങ്ങളെല്ലാം വീടുകളിലേക്കു മടങ്ങി. ഈ സാഹചര്യത്തിലാണ് വീണുകിട്ടിയ വിശ്രമസമയം അനുഗ്രഹമായെന്ന പരിശീലകന്റെ പ്രസ്താവന.
“വിശ്രമത്തിന് സമയം കിട്ടി എന്നത് മോശമായി കാണേണ്ട കാര്യമില്ല. ന്യൂസിലന്‍ഡ് പര്യടനത്തിന്റെ അവസാന ഘട്ടമായപ്പോഴേക്കും മാനസികമായും ശാരീകമായും മടുപ്പിന്റെ ലക്ഷണങ്ങള്‍ പലരും പ്രകടിപ്പിച്ചിരുന്നു. മാത്രമല്ല, പരിക്കിന്റെ ലക്ഷണങ്ങളും കണ്ടു’’ – ശാസ്ത്രി ചൂണ്ടിക്കാട്ടി.
അഞ്ച് ട്വന്റി20കളും മൂന്ന് ഏകദിനങ്ങളും രണ്ടു ടെസ്റ്റുകളും ഉള്‍പ്പെടുന്ന സുദീര്‍ഘമായ പരമ്പരയ്ക്കു ശേഷം തിരിച്ചെത്തിയ താരങ്ങള്‍ക്ക് പുതിയ ഊര്‍ജം വീണ്ടെടുക്കാനുള്ള അവസരമാണ് ഇതെന്നും ശാസ്ത്രി ചൂണ്ടിക്കാട്ടി. “കഴിഞ്ഞ 10 മാസത്തിനിടെ നമ്മള് കളിച്ച മത്സരങ്ങളുടെ എണ്ണം എത്രയധികമാണ്. ഞാനുള്‍പ്പെടെ പരിശീലക സംഘത്തിലെ മിക്കവരും കഴിഞ്ഞ മേയ് 23ന് ലോകകപ്പിനായി ഇംഗ്ലണ്ടിലേക്ക് പോയശേഷം വീട്ടില്‍ തങ്ങിയിരിക്കുന്നത് പത്തോ പതിനൊന്നോ ദിവസം മാത്രമാണ്’’ – ശാസ്ത്രി പറഞ്ഞു.
“ടീമിലെ ചില താരങ്ങള്‍ മൂന്നു ഫോര്‍മാറ്റിലും തുടര്‍ച്ചയായി കളിക്കുന്നവരാണ്. അവരുടെ മടുപ്പും ക്ഷീണവും നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. കൂടുതല്‍ സമയം ഗ്രൗണ്ടില്‍ ചെലവഴിക്കുന്നതും ട്വന്റി20യില്നിന്ന് ടെസ്റ്റ് ഫോര്‍മാറ്റിലേക്ക് മാറാനുള്ള മാനസിക അധ്വാനവും തുടര്‍ച്ചയായ ദീര്‍ഘ യാത്രകളും എത്രയധികമാണ് കളിക്കാരെ ബാധിക്കുക’’ – ശാസ്ത്രി പറഞ്ഞു.
ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിനു തൊട്ടുപിന്നാലെ ഇന്ത്യന്‍ ടീം വെസ്റ്റ് ഇന്‍ഡീസിലേക്കു പര്യടനത്തിനു പോയിരുന്നു. അതിനുശേഷം നാട്ടില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ സുദീര്‍ഘമായ പരമ്പര. പിന്നാലെ ന്യൂസിലന്‍ഡില്‍ രണ്ടു മാസത്തിലേറെ നീണ്ട പര്യടനം. ഇതിനു പിന്നാലെ ദക്ഷിണാഫ്രിക്കയ്ക്കെതിരെ മൂന്ന് ഏകദിനങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പരയ്ക്കായി നാട്ടിലേക്കു തിരിച്ചെത്തിയപ്പോഴാണ് കോവിഡ് വ്യാപനം പ്രതിസന്ധി തീര്‍ത്തത്. ഈ സാഹചര്യത്തില്‍ ഇപ്പോള്‍ ലഭിച്ച വിശ്രമം സ്വാഗതാര്‍ഹമാണെന്ന് ശാസ്ത്രി ചൂണ്ടിക്കാട്ടി.