ലിവർപൂളിനു സമനില
Tuesday, June 23, 2020 12:08 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ എവർട്ടണിന്റെ മൈതാനത്ത് ഗോൾ രഹിത സമനിലയുമായി ലിവർപൂൾ മടങ്ങി. സൂപ്പർ താരം മുഹമ്മദ് സലയുടെ അഭാവം ചെന്പടയുടെ ആക്രമണത്തിൽ നിഴലിച്ചിരുന്നു. ലീഗിൽ 30 മത്സരങ്ങളിൽനിന്ന് 83 പോയിന്റുമായി ലിവർപൂൾ ഒന്നാമതാണ്. അടച്ചിട്ട സ്റ്റേഡിയത്തിൽ നടന്ന മത്സരം 55 ലക്ഷം ആളുകൾ ടെലിവിഷനിലൂടെ കണ്ടതായാണ് കണക്ക്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചരിത്രത്തിലെ സർവകാല റിക്കാർഡാണിത്. 2012ൽ മാഞ്ചസ്റ്റർ സിറ്റിയും മാഞ്ചസ്റ്റർ യുണൈറ്റഡും ഏറ്റുമുട്ടിയപ്പോൾ 40 ലക്ഷം ആളുകൾ കണ്ട ചരിത്രം ഇതോടെ തിരുത്തപ്പെട്ടു.
വെർണർ ചെൽസിയിലേക്ക്
ജർമൻ യുവ താരം തിമൊ വെർണർ ബുണ്ടസ് ലിഗ ക്ലബ്ബായ ലൈപ്സിഗിൽനിന്ന് ചെൽസിയിൽ എത്തുന്ന വാർത്ത പുറത്തുവന്നതിനു പിന്നാലെ നടന്ന മത്സരത്തിൽ നീലപ്പട ആസ്റ്റണ്‍ വില്ലയെ 2-1നു പരാജയപ്പെടുത്തി. ഒരു ഗോളിനു പിന്നിട്ടുനിന്നശേഷമായിരുന്നു ചെൽസിയുടെ ജയം. ഈ സീസണ് ബുണ്ടസ് ലിഗ പോരാട്ടം കഴിയുന്നതോടെ ചെൽസിയിലെത്തും. 447 കോടി രൂപയ്ക്കാണ് ചെൽസി വെർണറെ റാഞ്ചിയത്.