10 പാക് താരങ്ങൾക്കു കൊറോണ
Tuesday, June 23, 2020 11:32 PM IST
കറാച്ചി: പാക് ക്രിക്കറ്റ് ടീമിന്റെ ഇംഗ്ലീഷ് പര്യടനം ആശങ്കയിലാക്കി 10 കളിക്കാർക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി റാവൽപിണ്ടിയിൽ നടത്തിയ പരിശോധനയിലാണ് താരങ്ങൾക്ക് കൊറോണ സ്ഥിരീകരിച്ചത്.
ഹൈദർ അലി, ഹാരിസ് റൗഫ്, ഷദബ് ഖാൻ എന്നിവരുടെ വൈറസ് പരിശോധനാ ഫലമാണ് ആദ്യം പോസിറ്റീവായത്. തൊട്ടുപിന്നാലെ മുഹമ്മദ് ഹഫീസ്, വഹാബ് റിയാസ്, കസിഫ് ഭാട്ടി, മുഹമ്മദ് ഹസ്നൈൻ, ഫഖാർ സമാൻ, മുഹമ്മദ് റിസ്വാൻ, ഇമ്രാൻ ഖാൻ എന്നിവർക്കും കൊറോണ സ്ഥിരീകരിച്ചതായി പാക് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. സപ്പോർട്ടിംഗ് സ്റ്റാഫ് അംഗത്തിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 25-ാം തീയതി താരങ്ങൾ വീണ്ടും പരിശോധനയ്ക്കു വിധേയമാകും.
കൊറോണ പരിശോധനാഫലം പോസിറ്റീവായതോടെ പാക്കിസ്ഥാന്റെ ഇംഗ്ലണ്ട് പര്യടനം അനിശ്ചിതത്വത്തിലായി. ഈ മാസം 28നാണ് പാക് ടീം ഇംഗ്ലണ്ടിലേക്ക് പുറപ്പെടേണ്ടത്. ഇംഗ്ലണ്ടിലെത്തി ടീം ക്വാറന്റൈനിൽ കഴിഞ്ഞ ശേഷമാണ് പരന്പര തുടങ്ങുക. മൂന്ന് ടെസ്റ്റും മൂന്ന് ട്വന്റി-20യുമാണ് പരന്പരയിൽ ഉള്ളത്.
പാക് മുൻ താരം ഷാഹിദ് അഫ്രീദി, മുൻ ഓപ്പണർ തൗഫീഖ് ഉമർ, ഫസ്റ്റ് ക്ലാസ് താരം സഫർ സർഫ്രാസ് എന്നിവർക്കും രോഗം സ്ഥിരീകരിച്ചിരുന്നു. സഫർ മരണത്തിനു കീഴടങ്ങി.