ധോണി 2022ലും കളിക്കും
Thursday, August 13, 2020 12:19 AM IST
ചെന്നൈ: ഈ സീസണ് ഐപിഎൽ ട്വന്റി-20 തുടങ്ങുമെന്ന വാർത്ത വന്നതുമുതൽ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ കാത്തിരിക്കുന്ന ഒന്നാണ് എം.എസ്. ധോണിയുടെ മടങ്ങിവരവ്. 2019 ഇംഗ്ലണ്ട് ലോകകപ്പിന്റെ സെമിയിൽ ഇന്ത്യ പരാജയപ്പെട്ട മത്സരത്തിനുശേഷം ധോണി ക്രിക്കറ്റ് കളത്തിലിറങ്ങിയിട്ടില്ല.
ഐപിഎലിൽ മടങ്ങിയെത്താനായി ധോണി പരിശീലനം പുനരാരംഭിച്ചപ്പോഴായിരുന്നു കോവിഡ്-19 ഭീഷണിയെത്തുടർന്ന് ടൂർണമെന്റ് നീണ്ടുപോയത്. 13-ാം എഡിഷൻ ഐപിഎൽ അടുത്ത മാസം യുഎഇയിൽ തുടങ്ങാനിരിക്കേ ധോണി 2022വരെ ചെന്നൈ സൂപ്പർ കിംഗ്സിനൊപ്പം കളിക്കുമെന്ന പ്രഖ്യാപനവുമായി ടീമിന്റെ സിഇഒ കാശിവിശ്വനാഥൻ രംഗത്തെത്തി.
2022ലും ധോണി സൂപ്പർ കിംഗ്സിനെ നയിക്കുമെന്നും കാശിവിശ്വനാഥൻ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. ധോണി 2020, 2021 ഐപിഎലുകളുടെയും ഭാഗമാകുമെന്ന് പ്രതീക്ഷിക്കാം. മിക്കവാറും 2022ലും. ജാർഖണ്ഡിൽ ഇൻഡോർ നെറ്റ്സിൽ പരിശീലനം ആരംഭിച്ചതായുള്ള വിവരങ്ങൾ മാധ്യമങ്ങളിൽനിന്ന് അറിയാൻ കഴിഞ്ഞു. എന്നാൽ, ക്യാപ്റ്റൻ ബോസിനെക്കുറിച്ച് ഞങ്ങൾക്ക് ആശങ്കകളൊന്നുമില്ല. തന്റെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് ധോണിക്ക് വ്യക്തമായ ബോധ്യമുണ്ട്. സ്വന്തം കാര്യവും ടീമിന്റെ കാര്യവും ധോണി നോക്കിക്കോളും- അദ്ദേഹം പറഞ്ഞു. സെപ്റ്റംബർ 19നാണ് യുഎഇയിൽ ഐപിഎലിന്റെ 13-ാം സീസണ് ആരംഭിക്കുന്നത്.