ഒസാക്ക x അസരെങ്ക
Friday, September 11, 2020 11:59 PM IST
ന്യൂയോർക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിൾസ് ഫൈനലിൽ മുൻ ലോക ഒന്നാം നന്പർ താരങ്ങളായ നവോമി ഒസാക്കയും വിക്ടോറിയ അസരെങ്കയും ഏറ്റുമുട്ടും. മൂന്നാം സീഡും ടൂർണമെന്റിലെ ഹോട്ട് ഫേവറിറ്റുമായിരുന്ന അമേരിക്കയുടെ സെറീന വില്യംസിനെ അട്ടിമറിച്ചായിരുന്നു സീഡ് ചെയ്യപ്പെടാത്ത അസരെങ്കയുടെ ഫൈനൽ പ്രവേശം.
ആദ്യസെറ്റ് നഷ്ടപ്പെട്ട ശേഷമായിരുന്നു ബെലാറസ് താരം ശക്തമായി തിരിച്ചെത്തി വെന്നിക്കൊടി പാറിച്ചത്. ആദ്യ സെറ്റ് 6-1നു സ്വന്തമാക്കിയ സെറീനയ്ക്ക് രണ്ടും മൂന്നും സെറ്റ് 6-3, 6-3ന് നഷ്ടപ്പെട്ടു.
ഗ്രാൻസ്ലാം ടൂർണമെന്റ് ചരിത്രത്തിൽ ഇതാദ്യമായാണ് അസരെങ്ക, സെറീനയെ കീഴടക്കുന്നത്. 2012, 2013 വർഷങ്ങളിലും അസരെങ്ക യുഎസ് ഓപ്പണ്‍ ഫൈനലിൽ കളിച്ചെങ്കിലും രണ്ടു തവണയും സെറീനയ്ക്കു മുന്നിൽ മുട്ടുമടക്കി. സെമിയിൽ പരാജയപ്പെട്ടതോടെ മുൻതാരം മാർഗരറ്റ് കോർട്ടിന്റെ റിക്കാർഡായ 24 ഗ്രാൻസ്ലാം കിരീടമെന്ന റിക്കാർഡിനൊപ്പമെത്താനുള്ള സെറീനയുടെ കാത്തിരിപ്പ് നീളും. 23 ഗ്രാൻസ്ലാം കിരീടങ്ങളാണ് സെറീനയ്ക്കുള്ളത്. 2017 ഓസ്ട്രേലിയൻ ഓപ്പണാണ് സെറീനയുടെ അവസാന ഗ്രാൻസ്ലാം.
കിരീടപോരാട്ടം
മൂന്നാം ഗ്രാൻസ്ലാം സിംഗിൾസ് കിരീടത്തിനായാണു നാലാം സീഡായ ഒസാക്കയും സീഡില്ലാത്ത അസരെങ്കയും നാളെ നടക്കുന്ന ഫൈനലിൽ കൊന്പുകോർക്കുക. ഇരുവരും രണ്ട് തവണ വീതം ഗ്രാൻസ്ലാം നേടിയിട്ടുണ്ട്. ഒസാക്ക 2018 യുഎസ് ഓപ്പണും 2019 ഓസ്ട്രേലിയൻ ഓപ്പണും. അസരെങ്കയാകട്ടെ 2012, 2013 ഓസ്ട്രേലിയൻ ഓപ്പണ്‍ സ്വന്തമാക്കി.
ഏഴു വർഷത്തിനു ശേഷമാണ് അസരെങ്ക ഒരു ഗ്രാൻസ്ലാം ടൂർണമെന്റിന്റെ ഫൈനലിൽ പ്രവേശിക്കുന്നത്. 2013 യുഎസ് ഓപ്പണ്‍ ആയിരുന്നു അസരെങ്കയുടെ അവസാന ഗ്രാൻസ്ലാം ഫൈനൽ. രണ്ടു തവണ യുഎസ് ഓപ്പണ്‍ ഫൈനലിൽ കളിച്ചിട്ടും അസരെങ്കയ്ക്ക് കിരീടം സ്വന്തമാക്കാൻ സാധിച്ചിട്ടില്ല.