രാഹുൽ പഞ്ച് ; പഞ്ചാബിനു 97 റൺസ് ജയം
Friday, September 25, 2020 12:06 AM IST
ദുബായ്: ക്യാപ്റ്റൻ കെ.എൽ. രാഹുലിന്റെ പഞ്ച് ബാറ്റിംഗിൽ കിംഗ്സ് ഇലവണ്‍ പഞ്ചാബിനു മിന്നും ജയം. വിരാട് കോഹ്ലിയുടെ റോയൽ ചലഞ്ചേഴ്സിനെ 97 റൺസിനാണ് കിംഗ്സ് ഇലവൺ പഞ്ചാബ് തകർത്തത്.
ഐപിഎൽ 13-ാം എഡിഷനിലെ ആദ്യ സെഞ്ചുറിയുമായി രാഹുൽ കളം നിറഞ്ഞപ്പോൾ കിംഗ്സ് ഇലവണ്‍ 20 ഓവറിൽ മൂന്നിന് 206 റണ്‍സിലെത്തി. 17 ഓവറിൽ 109 റൺസിന് റോയൽ ചലഞ്ചേഴ്സിനെ കിംഗ്സ് ഇലവൺ എറിഞ്ഞിടുകയും ചെയ്തു. 27 പന്തിൽ 30 റൺസ് നേടിയ വാഷിംഗ്ടൺ സുന്ദർ ആണ് റോയൽ ചലഞ്ചേഴ്സ് ഇന്നിംഗ്സിലെ ടോപ് സ്കോറർ. 69 പന്ത് നേരിട്ട രാഹുൽ ഏഴ് സിക്സിന്റെയും 14 ഫോറിന്റെയും സഹായത്തോടെ 132 റൺസുമായി പുറത്താകാതെനിന്നു. രാഹുൽ ആണ് മാൻ ഓഫ് ദ മാച്ച്.
ഡൽഹി ക്യാപ്പിറ്റൽസിനോട് സൂപ്പർ ഓവറിൽ പരാജയപ്പെട്ടതിന്റെ ക്ഷീണമകറ്റുകയായിരുന്നു പഞ്ചാബിന്റെ ലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ കിംഗ്സ് ഇലവണിനായി ഓപ്പണർമാരായ രാഹുലും മായങ്ക് അഗർവാളും ചേർന്ന് ഏഴ് ഓവറിൽ 57 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. നിക്കോളാസ് പുരാനൊപ്പം (17) രണ്ടാം വിക്കറ്റിൽ രാഹുൽ 57 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. അതിൽ 32ഉം രാഹുലിന്റെ സംഭാവനയായിരുന്നു. ഗ്ലെൻ മാക്സ്വെൽ (അഞ്ച്) വേഗത്തിൽ മടങ്ങിയെങ്കിലും കരുണ്‍ നായർ (എട്ട് പന്തിൽ 15 നോട്ടൗട്ട്) രാഹുലിന് പിന്തുണ നൽകി. ഇവരുടെ നാലാം വിക്കറ്റ് കൂട്ടുകെട്ട് 78 റണ്‍സ് വാരിക്കൂട്ടി. വെറും 28 പന്തിലായിരുന്നു രാഹുൽ-കരുണ്‍ കൂട്ടുകെട്ട് 78 റണ്‍സുമായി പുറത്താകാതെനിന്നത്. അതിൽ 20 പന്തിൽ രാഹുൽ അടിച്ചെടുത്തത് 62 റണ്‍സും.
കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കോഹ്ലിക്കും കൂട്ടർക്കും തുടക്കത്തിലേ പിഴച്ചു. കോട്രെലിന്റെ മുന്നിൽ ദേവ്ദത്ത് പടിക്കലും (ഒന്ന്) കോഹ്ലിയും (ഒന്ന്) കീഴടങ്ങി. ജോഷ് ഫിലിപ്പിനെ (പൂജ്യം) ഷാമിയും ഫിഞ്ചിനെ (20) ബിഷ്ണോയിയും ഡിവില്യേഴ്സിനെ (28) എം. അശ്വിനും പുറത്താക്കിയതോടെ റോയൽ ചലഞ്ചേഴ്സ് അഞ്ചിന് 57ലേക്ക് കൂപ്പുകുത്തി.