10-ാമത് ചക്രവർത്തി വരുണ്‍
Monday, October 26, 2020 12:30 AM IST
പതിമൂന്നാം ഐപിഎലിൽ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യ ബൗളർ എന്ന നേട്ടം കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ വരുണ്‍ ചക്രവർത്തിക്ക്. ഡൽഹി ക്യാപ്പിറ്റൽസിനെതിരേ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ വിജയ ശിൽപ്പിയും വരുണ്‍ ആയിരുന്നു. മത്സരത്തിൽ വരുണാസ്ത്രമേറ്റ് ഋഷഭ് പന്ത്, ശ്രേയസ്അയ്യർ, ഹെറ്റ്മയർ, സ്റ്റോയിൻസ്, അക്സർ പട്ടേൽ എന്നിവർ പുറത്തായി. നാല് ഓവറിൽ 20 റണ്‍സ് വഴങ്ങിയാണ് വരുണ്‍ അഞ്ച് വിക്കറ്റ് നേടി ചക്രവർത്തിയായത്.
ഐപിഎൽ ചരിത്രത്തിൽ ഇന്ത്യൻ ബൗളർമാരുടെ മികച്ച പ്രകടനത്തിൽ എട്ടാമതെത്താനും വരുണിനായി. 2009ൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനായി അഞ്ച് റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയ അനിൽ കുംബ്ലെയാണ് പട്ടികയിൽ ഒന്നാമത്. ഐപിഎലിൽ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന 10-ാമത് ഇന്ത്യൻ ബൗളറുമാണ് വരുണ്‍ ചക്രവർത്തി വിനോദ് എന്ന കർണാടകക്കാരനായ ലെഗ് സ്പിന്നർ.