ഡബിളടിച്ച് റൂട്ട്
Sunday, January 17, 2021 12:06 AM IST
ഗാലെ: ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരന്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ടിന് ഇരട്ട സെഞ്ചുറി. 228 റണ്‍സ് നേടിയ റൂട്ടിന്റെ ബലത്തിൽ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സിൽ 421 റണ്‍സ് എടുത്തു. ലങ്കയുടെ ഒന്നാം ഇന്നിംഗ്സ് 135ൽ അവസാനിച്ചിരുന്നു. 286 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സിനെത്തിയ ലങ്ക മൂന്നാംദിനം അവസാനിക്കുന്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 156 റണ്‍സ് എടുത്തിട്ടുണ്ട്.
ഇരട്ട സെഞ്ചുറി പ്രകടനത്തിലൂടെ ടെസ്റ്റിൽ 8,000 റണ്‍സ് ക്ലബ്ബിലും റൂട്ട് എത്തി. ഇംഗ്ലണ്ടിനായി വേഗത്തിൽ 8000 ക്ലബ്ബിലെത്തിയതിൽ (178 ഇന്നിംഗ്സ്) കെവിൻ പീറ്റേഴ്സണിനു (176) പിന്നിൽ രണ്ടാം സ്ഥാനത്തും എത്തി. എന്നാൽ, മത്സരങ്ങളുടെ എണ്ണത്തിൽ റൂട്ട് (98) ആണ് ഒന്നാമത്.