ചുവന്ന പോരാട്ടം
Sunday, January 17, 2021 12:06 AM IST
ലിവർപൂൾ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ പേരിൽ ചോരത്തിളപ്പുള്ളത് രണ്ട് ക്ലബ്ബുകൾക്ക്. ദ റെഡ്സ് എന്നറിയപ്പെടുന്ന ലിവർപൂളും റെഡ് ഡെവിൾസ് എന്നുവിശേഷിപ്പിക്കപ്പെടുന്ന മാഞ്ചസ്റ്റർ യുണൈറ്റഡും. ഒരു വ്യാഴവട്ടത്തിനുശേഷം മാഞ്ചസ്റ്റർ യുണൈറ്റഡും ലിവർപൂളും ലീഗ് ടേബിളിന്റെ ഒന്നാം സ്ഥാനത്തിനായി ഇന്ന് മുഖാമുഖം ഇറങ്ങുന്നു. കേരളക്കരയിൽ ഏറെ ആരാധകരുള്ള ഈ ക്ലബ്ബുകൾ ഇന്ത്യൻ സമയം രാത്രി 10.00നാണ് കൊന്പുകോർക്കുക. ലിവർപൂളിന്റെ ആൻഫീൽഡിലാണ് മത്സരം.
ഫെർഗിക്കുശേഷം ഓലെ
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകൻ ഓലെ ഗണ്ണർ സോൾഷെയർ അപൂർവ നേട്ടത്തിലാണിപ്പോൾ. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ചരിത്രത്തിലെ ഏറ്റവും പ്രഗൽഭനായ മാനേജർ അലക്സ് ഫെർഗൂസണിനുശേഷം ക്ലബ്ബിനെ ലീഗ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് എത്തിച്ച പരിശീലകനാണ് ഓലെ ഗണ്ണർ സോൾഷെയർ.
യുണൈറ്റഡ് എട്ട് വർഷത്തിനുശേഷം ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിന്റെ തലപ്പത്ത് എത്തിയിരിക്കുകയാണ്. ഫെർഗി പടിയിറങ്ങിയ 2012-13 സീസണിലായിരുന്നു യുണൈറ്റഡ് അവസാനമായി ലീഗ് ടേബിളിൽ ഒന്നാം സ്ഥാനം അലങ്കരിച്ചത്. ഇന്ന് ജയിച്ചാൽ ലിവർപൂളിന് ഒന്നാമത് എത്താം. കാരണം, ഗോൾ ശരാശരിയിൽ ലിവർപൂളിന് മുൻതൂക്കമുണ്ട്. ജയം യുണൈറ്റഡിനാണെങ്കിൽ ആറ് പോയിന്റിന്റെ വ്യത്യാസത്തോടെ ഒന്നാം സ്ഥാനത്ത് തുടരും. സമനിലയാണെങ്കിലും യുണൈറ്റഡിന് ഒന്നാം സ്ഥാനവുമായി ഓൾഡ് ട്രാഫോഡിലേക്ക് മടങ്ങാം.
യർഗൻ ക്ലോപ്പിന്റെ പരിശീലനത്തിനു കീഴിലിറങ്ങുന്ന ലിവർപൂൾ, 2017 മേയ്ക്കുശേഷം ആൻഫീൽഡിൽ ലീഗ് മത്സരത്തിൽ തോൽവി അറിഞ്ഞിട്ടില്ല, 67 ഹോം മത്സരങ്ങളിൽ തോൽവി ഇല്ലാതെയാണ് ലിവർപൂൾ ഇന്ന് ഇറങ്ങുന്നത്.
2008-09 സീസണിലാണ് ഇരു ടീമുകളും ലീഗ് ടേബിളിന്റെ തലപ്പത്ത് എത്താനായി അവസാനമായി നേർക്കുനോർ ഇറങ്ങിയത്.