തകർത്തടിച്ച് കേരളം
Thursday, February 25, 2021 12:47 AM IST
ബംഗളൂരു: വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റിൽ ഗ്രൂപ്പ് സിയിൽ കേരളത്തിനു തുടർച്ചയായ മൂന്നാം ജയം. അതിശക്തമായി പോരാടിയ റെയിൽവേസിനെ ഏഴ് റണ്‍സിനാണു കേരളം പരാജയപ്പെടുത്തിയത്. റോബിൻ ഉത്തപ്പ (100), വിഷ്ണു വിനോദ് (107), സഞ്ജു വി. സാംസണ് (61) എന്നിവരുടെ മിന്നും പ്രകടനത്തിലൂടെ കേരളം 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 351 റണ്‍സ് എടുത്തു. എന്നാൽ, 32 പന്തിൽ 58 റണ്‍സ് അടിച്ചുകൂട്ടിയ ഹർഷ് ത്യാഗിയിലൂടെ റെയിൽവേസ് ജയം നേടുമെന്നു തോന്നിപ്പിച്ചെങ്കിലും 49.4 ഓവറിൽ അവർ 344നു പുറത്തായി.
തുടർച്ചയായ മൂന്നാം മത്സരത്തിലും റോബിൻ ഉത്തപ്പ മിന്നും പ്രകടനം കാഴ്ചവച്ചു. വിജയ് ഹസാരെ ട്രോഫിയിൽ ഉത്തപ്പയുടെ രണ്ടാം സെഞ്ചുറിയാണിത്. 104 പന്തിൽനിന്ന് അഞ്ച് സിക്സും എട്ട് ഫോറും അടക്കമാണ് ഉത്തപ്പയുടെ 100 റണ്‍സ്. 107 പന്തിൽ നാല് സിക്സും അഞ്ച് ഫോറും അടക്കം വിഷ്ണു 107 റണ്‍സ് അടിച്ചുകൂട്ടി. 29 പന്തിൽനിന്ന് നാല് സിക്സും ആറ് ഫോറും അടക്കം 61 റണ്‍സ് നേടിയ സഞ്ജുവായിരുന്നു ഏറ്റവും അപകടകാരി. വത്സൽ ഗോവിന്ദ് 34 പന്തിൽ മൂന്ന് സിക്സും രണ്ട് ഫോറും അടക്കം 46 റണ്‍സുമായി പുറത്താകാതെ നിന്നു.
മൂന്നാം ജയത്തോടെ ഗ്രൂപ്പ് സിയിൽ കേരളം 12 പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി.