പടിക്കൽ സെഞ്ചുറിയിൽ കേരളം തോറ്റു
Saturday, February 27, 2021 12:40 AM IST
ബംഗളൂരു: വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റിൽ കേരളത്തിന് ആദ്യ തോൽവി. തുടർച്ചയായി മൂന്നു മത്സരങ്ങൾ വിജയിച്ച കേരളം നാലാം മത്സരത്തിൽ കർണാടകയോട് ഒന്‍പതു വിക്കറ്റിനു പരാജയം സമ്മതിച്ചു. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 277 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ കർണാടക 45.3 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി.
സെഞ്ചുറി നേടി പുറത്താവാതെ നിന്ന മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ മികവിലാണ് കർണാടക വിജയം സ്വന്തമാക്കിയത്. ഈ വിജയത്തോടെ ഗ്രൂപ്പ് സിയിൽ കർണാടക ഒന്നാമതെത്തി. കേരളം രണ്ടാമതാണ്. 138 പന്തുകളിൽനിന്നും 13 ബൗണ്ടറികളുടെയും രണ്ട് സിക്സുകളുടെയും അകന്പടിയോടെ 126 റണ്‍സുമായി പടിക്കൽ പുറത്താകാതെ നിന്നു. 86 റണ്‍സുമായി കെ. സിദ്ധാർഥും പുറത്താകാതെനിന്നു. 62 റണ്‍സെടുത്ത നായകൻ രവികുമാർ സമർഥിന്റെ വിക്കറ്റാണ് കർണാടകയ്ക്ക് നഷ്ടമായത്.
കേരളത്തിനായി 124 പന്തുകളിൽനിന്ന് ഏഴു ബൗണ്ടറികളുടെയും ഒരു സിക്സിന്റെയും അകന്പടിയോടെ വത്സൽ ഗോവിന്ദ് 95 റണ്‍സെടുത്തു. 54 റണ്‍സെടുത്ത നായകൻ സച്ചിൻ ബേബിയും 59 റണ്‍സെടുത്ത മുഹമ്മദ് അസ്ഹറുദ്ദീനും മികച്ച പ്രകടനം കാഴ്ചവച്ചു.