ആരാധകർ മൈതാനം കൈയേറി, യുണൈറ്റഡ് x ലിവർപൂൾ മത്സരം റദ്ദാക്കി
Tuesday, May 4, 2021 12:10 AM IST
മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ ക്ലബ് മുതലാളിയായ ഗ്ലാസർ കുടുംബത്തിനെതിരേ നടത്തിയ പ്രതിഷേധം മൈതാനത്തേക്ക് നീണ്ടതോടെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ലിവർപൂളിനെതിരായ അവരുടെ മത്സരം റദ്ദാക്കി. വിവാദമായ യൂറോപ്യൻ സൂപ്പർ ലീഗ് പ്രഖ്യാപനം മുതൽ അമേരിക്കൻ വ്യവസായികളായ ഗ്ലാസർ കുടുംബത്തിനെതിരേ യുണൈറ്റഡ് ആരാധകർ തിരിഞ്ഞതാണ്, 16 വർഷം നീണ്ട ഗ്ലാസർ ബന്ധം ക്ലബ് അവസാനിപ്പിക്കണമെന്നതാണ് ആവശ്യം.
ജർമൻ മോഡലിൽ 51% ക്ലബ് ഷെയർ ആരാധകർക്കായി പകുക്കണമെന്നതുൾപ്പെടെയുള്ള നിർദേശങ്ങളുമായി യുണൈറ്റഡ് ആരാധകർ ആഴ്ചകളായി പ്രതിഷേധത്തിലാണ്. ഞായറാഴ്ച ലിവർപൂളിനെതിരായ ഹോം മത്സരത്തിനു മുന്പ് യുണൈറ്റഡ് ആരാധകർ ബാരിക്കേഡുകളും സുരക്ഷാ ഉദ്യോഗസ്ഥരെയും കടന്ന് ഓൾഡ് ട്രാഫോഡ് സ്റ്റേഡിയത്തിനുള്ളിൽ കടന്നു. ആരാധകർ മൈതാനം കൈയേറിയതോടെ മത്സരം റദ്ദാക്കുകയായിരുന്നു.
ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് (67 പോയിന്റ്) രണ്ടാമതും ലിവർപൂൾ (54) ഏഴാമതുമാണ്.