ഫുൾസ്ലീവ് പ്രതിഷേധം
Tuesday, July 27, 2021 1:43 AM IST
ടോക്കിയോ: ജിംനാസ്റ്റിക്സ് മത്സരങ്ങളിൽ താരങ്ങളുടെ മെയ്വഴക്കമല്ല, മേനിയഴകുകൂടിയാണു പ്രധാന ആകർഷണം. അത് ഒളിന്പിക്സിലാണെങ്കിലും മാറ്റമില്ല. പക്ഷേ, ഒളിന്പിക് വേദിയിൽ ഇത്തവണ വേറിട്ട രീതിയിലുള്ളൊരു പ്രതിഷേധം നടന്നു.
ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സിലെ പരന്പരാഗത വേഷമായ തോൾ മുതൽ അരക്കെട്ട് വരെ മാത്രം മറയുന്ന ബിക്കിനി, സ്വിംസ്യൂട്ട് മാതൃകയിലുള്ള ലിയോടാർഡിനു പകരം കണങ്കാൽ വരെയെത്തുന്ന വേഷം ധരിച്ചാണു സാറ വോസ്, പൗളീൻ ഷാഫർബെറ്റ്സ്, എലിസബ് സെയ്റ്റ്സ്, കിം ബ്യു തുടങ്ങിയ താരങ്ങൾ മത്സരിച്ചത്. സാധാരണയായി മതപരമായ കാരണങ്ങൾകൊണ്ട് മാത്രമായിരുന്നു ജിംനാസ്റ്റുകൾ കാൽമറയ്ക്കുന്ന വേഷം ധരിച്ച് മത്സരിച്ചിരുന്നത്.
യൂറോപ്യൻ ചാന്പ്യൻഷിപ്പിൽ നേരത്തെതന്നെ പ്രതിഷേധം എന്ന രീതിയിൽ ഈ പുതിയ വേഷം ധരിച്ച് താരങ്ങൾ മത്സരിച്ചിരുന്നു.