പരന്പര തൂത്തുവാരി ഇന്ത്യ
Monday, November 22, 2021 12:54 AM IST
കോൽക്കത്ത: ട്വന്റി 20 ക്രിക്കറ്റ് പരന്പര തൂത്തുവാരി ഇന്ത്യ. ന്യൂസിലൻഡിനെതിരേയുള്ള മൂന്നാമത്തെയും അവസാനത്തെയുമായ മത്സരത്തിൽ ഇന്ത്യക്ക് 73 റണ്‍സ് ജയം. 185 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ ന്യൂസിലൻഡ് 111 റണ്‍സിന് എല്ലാവരും പുറത്തായി.
പരന്പരയിൽ മൂന്നാം തവണയും ടോസ് നേടിയ രോഹിത് ശർമ ഇത്തവണ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കെ.എൽ. രാഹുലിനു പകരം ടീമിലെത്തിയ ഇഷാൻ കിഷനും രോഹിത് ശർമയും തകർപ്പൻ തുടക്കമാണിട്ടത്. 69 റണ്‍സിന്റെ സഖ്യമാണ് ഇവർ തീർത്തത്. കിഷൻ പുറത്തായതോടെ ഇന്ത്യയുടെ തകർച്ചയും അപ്രതീക്ഷിതമായിരുന്നു. സൂര്യകുമാർ യാദവ് (0), ഋഷഭ് പന്ത് (4) എന്നിവരെക്കൂടി പുറത്താക്കി മിച്ചൽ സാന്റ്നർ കളി കിവീസിന് അനുകൂലമാക്കി. രണ്ടാം മത്സരത്തിലും അർധ സെഞ്ചുറി നേടിയ രോഹിതിനെ (56) ഇഷ് സോധി റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കി.

ആറിനു 140ൽ നിന്ന ഇന്ത്യയെ ഹർഷൽ പട്ടേൽ മുന്നോട്ടു നയിച്ചു. ഒരു സിക്സും രണ്ടു ഫോറും സഹിതം 18 റണ്‍സ് നേടിയ പട്ടേൽ ഹിറ്റ് വിക്കറ്റിലൂടെ പുറത്തായി. അവസാനം ദീപക് ചഹാറിന്റെ (8 പന്തിൽ 21 നോട്ടൗട്ട്) ആക്രമണ ബാറ്റിംഗിൽ ഇന്ത്യ മികച്ച സ്കോറിലെത്തി. അവസാന ഓവറിൽ 19 റണ്‍സാണ് ചാഹർ നേടിയത്.
മറുപടി ബാറ്റിംഗിൽ മാർട്ടിൻ ഗപ്ടിലനു (36 പന്തിൽ 51 റണ്‍സ്) മാത്രമേ പൊരുതാനായുള്ളൂ. അക്ഷർ പട്ടേൽ മൂന്നും ഹർഷൽ പട്ടേൽ രണ്ടും വിക്കറ്റ് വീഴ്ത്തി. യുസ് വേന്ദ്ര ചാഹൽ, ദീപക് ചാഹർ, വെങ്കിടേഷ് അയ്യർ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.