വിസ്മയജപ്പാൻ
Thursday, November 24, 2022 12:08 AM IST
ദോഹ: ഖത്തർ ലോകകപ്പിൽ അട്ടിമറികളുടെ കുത്തൊഴുക്ക്. കഴിഞ്ഞ ലോകകപ്പിൽ ഗ്രൂപ്പ് റൗണ്ടിൽ പുറത്തായതിന്റെ ക്ഷീണം മാറ്റാനെത്തിയ ജർമനിയെ ഒന്നിനെതിരേ രണ്ടുഗോളുകൾക്കാണു ജപ്പാൻ അട്ടിമറിച്ചത്.
പ്രതിരോധക്കോട്ട കെട്ടി, മുന്നേറ്റം മറന്നുപോയ ആദ്യ പകുതി, ജർമനിയെ അടിച്ചുപറത്തിയ രണ്ടാംപകുതി. ഖത്തറിലെ ഖലീഫ സ്റ്റേഡിയത്തിൽ ജപ്പാന്റെ ആദ്യ ലോകകപ്പ് മത്സരത്തിന്റെ രത്നച്ചുരുക്കം ഇതാണ്. പകരക്കാരായി ഇറങ്ങിയ റിറ്റ്സു ഡൊവാൻ (75), തകുമ അസാനോ (83) എന്നിവരാണു ജപ്പാനായി ഗോൾ നേടിയത്. 33-ാം മിനിറ്റിൽ പെനൽറ്റിയിൽനിന്ന് ഇകായ് ഗുണ്ടോകൻ ജർമനിയുടെ ഗോൾ നേടി. എട്ടാം മിനിറ്റിൽ കൗണ്ടർ അറ്റാക്കിലൂടെ ജർമനിയെ ഞെട്ടിച്ച് ജപ്പാൻ വലകുലുക്കിയെങ്കിലും ഓഫ് സൈഡായി. ആദ്യ പകുതിയുടെ അധികസമയത്ത് കയ് ഹാവെർട്സ് ജർമനിക്കായി നേടിയ ഗോളും ഓഫ്സൈഡ് കെണിയിൽ കുടുങ്ങി.
സൗദി അറേബ്യ അർജന്റീനയെ അട്ടിമറിച്ചതിന്റെ ഞെട്ടലിൽ ഫുട്ബോൾ ലോകം തരിച്ചുനിൽക്കുന്പോഴാണു മുൻ ചാന്പ്യന്മാരായ ജർമനിയെ ജപ്പാൻ വീഴ്ത്തുന്നത്. അതും അർജന്റീനയെപ്പോലെ ആദ്യം ലീഡ് നേടിയശേഷം. ഏറ്റവും ഒടുവിൽ കളിച്ച അഞ്ച് ലോകകപ്പുകളിൽ നാലു തവണയും സെമിയിൽ കടന്ന ടീമാണു ജർമനി. തുടർച്ചയായ രണ്ടാം ലോകകപ്പിലാണു ജർമനി ആദ്യ മത്സരത്തിൽ തോൽക്കുന്നത്. കഴിഞ്ഞ തവണ റഷ്യയിൽ മെക്സിക്കോയോടായിരുന്നു ജർമനിയുടെ തോൽവി.
കരുത്തുകാട്ടി, പക്ഷേ..
പന്തടക്കത്തിലും പാസിംഗിലും ജപ്പാനെ അപേക്ഷിച്ച് ജർമനി ബഹുദൂരം മുന്നിലായിരുന്നു. മത്സരത്തിന്റെ 74 ശതമാനം സമയവും ജർമനി പന്ത് കൈയിൽവച്ചു. ജപ്പാനാകട്ടെ വെറും 26 ശതമാനം മാത്രം. ജർമനി മത്സരത്തിലുടനീളം കളിച്ചത് 772 പാസുകൾ; ജപ്പാന്റെ കാലിൽനിന്ന് ആകെ പാസുകൾ 270 മാത്രം. ജർമനി ഒന്പതുതവണ ജപ്പാന്റെ പോസ്റ്റ് ലക്ഷ്യംവച്ചു നിറയൊഴിച്ചു. ജപ്പാനാകട്ടെ നാലുവട്ടം മാത്രവും. ഇതിൽ രണ്ടെണ്ണം ലക്ഷ്യംകണ്ടു എന്നതിന്റെ കരുത്തിലാണ് ജപ്പാന്റെ അവിശ്വസനീയ വിജയം.
ലക്ഷ്യംതെറ്റി
മത്സരത്തിലുടനീളം ജർമനിക്കു നിരവധി ഗോളവസരങ്ങൾ ലഭിച്ചിരുന്നു. എന്നാൽ മുതലാക്കാനായില്ല. 17-ാം മിനിറ്റിൽ ആന്റോ ണിയോ റൂഡിഗറുടെ ഹെഡ്ഡർ ജപ്പാൻ ഗോൾ പോസ്റ്റിനെ തൊട്ടുരുമ്മി കടന്നുപോയി. പിന്നാലെ ജോഷ്വ കിമ്മിച്ചിന്റെ ലോംഗ് റേഞ്ചർ ജപ്പാൻ ഗോളി തട്ടിയകറ്റി.
രണ്ടാം പകുതിയുടെ തുടക്കത്തിൽ മുസിയാല ജാപ്പനീസ് പോസ്റ്റിലേക്കു വെടിയുതിർത്തെങ്കിലും പന്ത് ക്രോസ് ബാറിനു മുകളിലൂടെ പറന്നു. 60-ാം മിനിറ്റിൽ ഗോൾ സ്കോർ ഗുണ്ടോഗന്റെ മനോഹരമായ ഷോട്ട് ജപ്പാൻ പോസ്റ്റിലിടിച്ച് തെറിച്ചു. 70-ാം മിനിറ്റിൽ ജർമനിയുടെ ഗോൾ പോസ്റ്റിലേക്കുള്ള തുടർച്ചായ നാല് ഷോട്ടുകൾ രക്ഷപ്പെടുത്തിക്കൊണ്ട് ജപ്പാൻ ഗോൾകീപ്പർ ഗോണ്ടെ ഞെട്ടിച്ചു.
ഗോള്വഴി...
ഇകായ് ഗുണ്ടോകൻ (33’)
ജോഷ്വ കിമ്മിച്ചിന്റെ പന്ത് ബോക്സിനുള്ളിൽ ഡേവിഡ് റൗമിലേക്ക്. പന്തുമായി മുന്നോട്ടുകയറിയ റൗമിനെ തടയാൻ ശ്രമിച്ച ജപ്പാൻ ഗോൾകീപ്പർക്കു പിഴച്ചു. റൗം നിലത്ത്. റഫറി വിരൽ ചൂണ്ടിയത് പെനൽറ്റി സ്പോട്ടിലേക്ക്. കിക്കെടുത്ത ഗുണ്ടോഗനു പിഴച്ചതുമില്ല. സ്കോർ 1-0.
റിറ്റ്സു ഡൊവാൻ (75’)
ഇടതുവിംഗിലൂടെ കവോരു മിട്ടോമയുടെ മുന്നേറ്റം. പന്ത് ബോക്സിനുള്ളിൽനിന്ന ടകൂമി മിനാമിനോയിലേക്ക്. മിനാമിനോയുടെ ഷോട്ട് ജർമൻ ഗോൾകീപ്പർ മാനുവൽ നോയർ തടുത്തിടുന്നു. റീബൗണ്ടിൽ റിറ്റ്സു ഡൊവാന്റെ തകർപ്പൻ വോളി. സ്കോർ 1-1.
തകുമ അസാനോ (83’)
ജപ്പാന് അനുകൂലമായി ഫ്രീകിക്ക്. സ്വന്തം പകുതിയിൽനിന്ന് ഇട്ടകുരയെടുത്ത ഫ്രീകിക്ക് അസാനോയിലേക്ക്. കുതിച്ചുപാഞ്ഞ അസാനോ പ്രതിരോധിക്കാനെത്തിയ ജർമൻ താരത്തെ കബളിപ്പിച്ച് ബോക്സിനുള്ളിൽ. ഏറെക്കുറെ അസാധ്യമെന്നു തോന്നുന്ന ആംഗിളിൽനിന്നുള്ള അസാനോയുടെ ഷോട്ട് നോയറെ മറികടന്ന് വലയിലേക്ക്. സ്കോർ 1-2.