സഞ്ജുവിനെ ഒഴിവാക്കി; കാരണം...
Monday, November 28, 2022 1:27 AM IST
ഹാമിൽട്ടണ്: ന്യൂസിലൻഡിന് എതിരായ രണ്ടാം ഏകദിന ക്രിക്കറ്റിൽനിന്നു മലയാളി വിക്കറ്റ് കീപ്പർ ബാറ്ററായ സഞ്ജു വി. സാംസണിനെ ഇന്ത്യ ഒഴിവാക്കിയത് വൻ വിമർശനത്തിനു കാരണമായി. മഴയെത്തുടർന്ന് മത്സരം ഉപേക്ഷിക്കേണ്ടിവന്നു. ടോസ് നഷ്ടപ്പെട്ട ഇന്ത്യ 12.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 89 റണ്‍സ് എടുത്തുനിൽക്കേയാണു മത്സരം ഉപേക്ഷിച്ചത്. മഴയെത്തുടർന്ന് മത്സരം 29 ഓവറാക്കി നിജപ്പെടുത്തിയിരുന്നു.
സഞ്ജുവിനെ ഒഴിവാക്കിയത് ചോദ്യങ്ങൾക്ക് കാരണമായതോടെ ക്യാപ്റ്റൻ ശിഖർ ധവാൻ വിശദീകരണം നടത്തി. ടീമിൽ ആറാം ബൗളർ ഓപ്ഷനുവേണ്ടിയാണ് സഞ്ജുവിനെ ഒഴിവാക്കി ദീപക് ഹൂഡയെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയത്. ദീപക് ചാഹർ പന്ത് ഇരുവശത്തേക്കും സ്വിംഗ് ചെയ്യിക്കും എന്നതിനാലും ടീമിൽ എത്തി - ധവാൻ പറഞ്ഞു. ഷാർദുൾ ഠാക്കൂറിനു പകരമായാണ് ദീപക് ചാഹർ ടീമിൽ ഉൾപ്പെട്ടത്.
മത്സരത്തിനിടെ മഴയെത്തിയതോടെ പിച്ച് മൂടാനായി ഗ്രൗണ്ട്സ്മാനെ സഹായിക്കാൻ സഞ്ജുവും സൂര്യകുമാർ യാദവും എത്തിയത് സമൂഹമാധ്യമങ്ങളിൽ തരംഗമായി.