ബ്രസീൽ പ്രീക്വാർട്ടറിൽ
Tuesday, November 29, 2022 1:33 AM IST
ദോഹയിൽനിന്ന് ബിനോയ് ജോണ്‍ മങ്കൊന്പ്
അതെ, ആരാധകരുടെ ആവേശം വാനോളമെത്തിച്ച് കാനറിപ്പട ഗ്രൂപ്പ് ഘട്ടത്തിൽനിന്ന് ചിറകടിച്ചുയർന്നു. ഖത്തർ ലോകകപ്പ് ഗ്രൂപ്പ് ജിയിൽ രണ്ടാം ജയത്തോടെ ബ്രസീൽ പ്രീക്വാർട്ടർ ഉറപ്പിച്ചു. സ്വിറ്റ്സർലൻഡിനെ മറുപടിയില്ലാത്ത ഒരു ഗോളിനു കീഴടക്കിയാണ് കാനറികൾ പറന്നുയർന്നത്.
974 സ്റ്റേഡിയത്തിൽ ഗോൾ രഹിതമായ 82 മിനിറ്റിനുശേഷമായിരുന്നു ബ്രസീലിന്റെ ഗോൾ. മധ്യനിരക്കാരനായ കാസെമിറൊ (83’) ആയിരുന്നു ഇരു ടീമും തമ്മിലുള്ള വ്യത്യാസം കുറിച്ച ഗോൾ നേടിയത്.
ലോകകപ്പിൽ ബ്രസീലിന്റെ അവസാന 10 ഗോളുകളിൽ ഒന്‍പതും രണ്ടാം പകുതിയിലാണ് പിറന്നത് എന്നത് ശ്രദ്ധേയം. ബ്രസീൽ വിംഗ് ബാക്ക് ആയ അലക്സ് സാൻഡ്രൊ ഏഴ് ടാക്ലിംഗ് നടത്തുകയും 11 പൊസഷൻ സ്വന്തമാക്കുകയും ചെയ്തു. 2010ൽ ഇറ്റലിയുടെ ഡാനിയേൽ ഡി റോസിക്കു ശേഷം ഇത്രയും മികച്ച ഡിഫെൻസ് ഇതുവരെ മറ്റാരും ലോകകപ്പിൽ നടത്തിയിട്ടില്ല.
64-ാം മിനിറ്റിൽ വിനീഷ്യസ് ജൂണിയർ സ്വിറ്റ്സർലൻഡ് വലയിൽ പന്ത് എത്തിച്ചെങ്കിലും വിഎആറിലൂടെ റഫറി അത് നിഷേധിച്ചു.
ഗോള്‍വഴി...
കാസെമിറൊ (83’)
വിനീഷ്യസ് ജൂണിയറിന്റെ ഇൻസൈഡ് പാസ് ഫ്ളിക്ക് ചെയ്ത് റോഡ്രിഗൊ. പന്ത് ബോക്സിനുള്ളിൽ ഒന്ന് ബൗണ്‍സ് ചെയ്ത് നെരെ കാസെമിറൊയുടെ പാകത്തിന്. കാസെമിറൊയുടെ ഹാഫ് വോളി സ്വിസ് പ്രതിരോധതാരത്തെ മുട്ടിയുരുമി ഗോൾ വലയുടെ കോണിൽ.