ഡയമണ്ട് ദിമിത്രി; ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് തിരിച്ചെത്തി
Monday, January 30, 2023 2:47 AM IST
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സിന് ഹോം ജയം. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് 2-0ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോൽപ്പിച്ചു. ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമാന്റകോസിന്റെ ഇരട്ട ഗോളിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ജയം. 42, 44 മിനിറ്റുകളിലായിരുന്നു ഡയമാന്റകോസിന്റെ ഗോളുകൾ.
ജയത്തോടെ ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് തിരിച്ചെത്തി. 15 മത്സരങ്ങളിൽനിന്ന് 28 പോയിന്റാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. മുംബൈ സിറ്റി (42), ഹൈദരാബാദ് (35) ടീമുകളാണ് യഥാക്രമം ആദ്യ രണ്ട് സ്ഥാനങ്ങളിൽ.
42-ാം മിനിറ്റിൽ ബ്രൈസ് മിറാൻഡയുടെ പാസിൽനിന്നായിരുന്നു ഡയമാന്റകോസ് ബ്ലാസ്റ്റേഴ്സിന് സ്വന്തം കാണികൾക്ക് മുന്നിൽ ലീഡ് നൽകിയത്. മിറാൻഡയുടെ ക്രോസിൽ ഡയമാന്റകോസ് ഹെഡ് ചെയ്ത് ഗോളാക്കുകയായിരുന്നു. 44-ാം മിനിറ്റിൽ അഡ്രിയാൻ ലൂണയുടെ അസിസ്റ്റിൽ ഡയമാന്റകോസ് രണ്ടാം ഗോളും സ്വന്തമാക്കി. ഗോൾ കീപ്പർ സ്ഥാനത്ത് പ്രഭ്സുഖൻ സിംഗ് ഗില്ലിനു പകരം കരണ്‍ജിത് സിംഗിനെ ഇറക്കിയാണ് ഇവാൻ വുകോമനോവിച്ച് ബ്ലാസ്റ്റേഴ്സിനെ കളത്തിലെത്തിച്ചത്.