ഇന്ത്യ x ഓസ്ട്രേലിയ രണ്ടാം ഏകദിനം ഇന്ന്
Sunday, March 19, 2023 12:30 AM IST
വിശാഖപട്ടണം: വിശാലജയത്തിനായി വിശാഖപട്ടണത്തിൽ ഇന്ത്യൻ ടീം ഇന്ന് ഇറങ്ങും. ഓസ്ട്രേലിയയ്ക്കെതിരായ മൂന്ന് മത്സര ഏകദിന ക്രിക്കറ്റ് പരന്പരയിലെ രണ്ടാം മത്സരം ഇന്ന് ഉച്ചകഴിഞ്ഞ് 1.30 മുതൽ.
മുംബൈയിൽ നടന്ന ആദ്യ ഏകദിനത്തിൽ ഇന്ത്യ അഞ്ച് വിക്കറ്റ് ജയം സ്വന്തമാക്കിയിരുന്നു. 189 റണ്സ് എന്ന ചെറിയ ലക്ഷ്യത്തിനായി ക്രീസിലെത്തിയ ഇന്ത്യക്ക് 39 റണ്സ് എടുക്കുന്നതിനിടെ നാല് മുൻനിര വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു.
ആദ്യമത്സരത്തിൽ വിറച്ചു ജയിച്ച ഇന്ത്യ, ഇന്ന് വിശാലമായ ജയമാണ് ലക്ഷ്യംവയ്ക്കുന്നത്. കുടുംബപരമായ കാരണങ്ങളാൽ ഒന്നാം ഏകദിനത്തിനില്ലാതിരുന്ന ക്യാപ്റ്റൻ രോഹിത് ശർമ ടീമിൽ തിരിച്ചെത്തി. രോഹിത്തിന്റെ സാന്നിധ്യം ഇന്ത്യക്കു കരുത്താകും.