ഇന്ത്യ x ഓസീസ് മൂന്നാം ഏകദിനം ഇന്ന്
Wednesday, March 22, 2023 12:12 AM IST
ചെന്നൈ: ചെപ്പോക്ക് എം.എ. ചിദംബരം സ്റ്റേഡിയത്തിൽ ഇന്ന് ’ഫൈനൽ’. ഇന്ത്യ x ഓസ്ട്രേലിയ ഏകദിന ക്രിക്കറ്റിലെ മൂന്നാം മത്സരം ഇന്നു ചെപ്പോക്കിൽ. ചെപ്പോക്ക് കൈവിട്ടുപോയാൽ പരന്പര ഇന്ത്യക്ക് നഷ്ടപ്പെടും. അതുകൊണ്ട് ചെപ്പോക്ക് പോകാതിരിക്കാനാണ് രോഹിത് ശർമയും സംഘവും ഇറങ്ങുന്നത്. ഇന്ത്യൻ സമയം ഇന്ന് ഉച്ചകഴിഞ്ഞ് 1.30 മുതലാണ് മത്സരം.
സ്റ്റാർക്ക് ഭീഷണി
ഓസ്ട്രേലിയൻ പേസ് ആക്രമണത്തിൽ, പ്രത്യേകിച്ച് മിച്ചൽ സ്റ്റാർക്കിനു മുന്നിൽ ആടിയുലയുന്ന ഇന്ത്യയെയാണ് ആദ്യ രണ്ട് ഏകദിനത്തിലും കണ്ടത്. ആദ്യ 10 ഓവറിനുള്ളിൽ 39/4, 49/5 എന്നിങ്ങനെ വിഷമിക്കുന്ന ഇന്ത്യൻ ബാറ്റിംഗ് നിരയെ സമീപനാളിൽ കണ്ടിട്ടില്ല, പ്രത്യേകിച്ച് ഇന്ത്യൻ മണ്ണിൽ. വാങ്കഡെയിൽ ആദ്യം പതറിയെങ്കിലും പിന്നീട് ജയത്തിലേക്ക് എത്തി. എന്നാൽ, വിശാഖപട്ടണത്തിലെ രണ്ടാം ഏകദിനത്തിൽ കാര്യങ്ങൾ കൈവിട്ടു.
3/49, 5/53 എന്നതാണ് ആദ്യ രണ്ട് ഏകദിനത്തിലും സ്റ്റാർക്കിന്റെ ബൗളിംഗ്. പരന്പരയിൽ ഇന്ത്യക്കു തുടർച്ചയായി തലവേദന സൃഷ്ടിക്കുകയാണ്.