യുവേഫ യൂറോ യോഗ്യതാ റൗണ്ടിലെ ആദ്യമത്സരത്തിൽ ഇംഗ്ലണ്ടിനു ജയം
Saturday, March 25, 2023 12:01 AM IST
നേപ്പിൾസ്: 2024 യുവേഫ യൂറോ യോഗ്യതാ റൗണ്ടിലെ ആദ്യമത്സരത്തിൽ ഇംഗ്ലണ്ട് 2-1ന് ഇറ്റലിയെ തോൽപ്പിച്ചു. ഇംഗ്ലണ്ടിന്റെ അത്യപൂർവ ജയമായിരുന്നു ഇറ്റാലിയൻ മണ്ണിൽ കുറിക്കപ്പെട്ടത്. 1961നു ശേഷം ഇംഗ്ലണ്ട് ഇറ്റാലിയൻ മണ്ണിൽ നേടുന്ന ആദ്യജയമാണിത്. മാത്രമല്ല, 1977നു ശേഷം ഇറ്റലിയെ ഇംഗ്ലണ്ട് തോൽപ്പിക്കുന്നതും ഇതാദ്യം. ഗാരെത് സൗത്ത്ഗേറ്റിന്റെ ശിക്ഷണത്തിൽ ഇംഗ്ലണ്ട് നേടുന്ന 50-ാം ജയമായിരുന്നു എന്നതും മറ്റൊരു സവിശേഷത. 50 ജയം സ്വന്തമാക്കുന്ന മൂന്നാമത് മാത്രം പരിശീലകനാണു സൗത്ത്ഗേറ്റ്.
ഡിക്ലാൻ റീസ് (13’), ഹാരി കെയ്ൻ (44’ പെനാൽറ്റി) എന്നിവരായിരുന്നു ഇംഗ്ലണ്ടിന്റെ ഗോൾ സ്കോറർമാർ. മറ്റേയു റെറ്റെഗുയി (56’) ഇറ്റലിക്കായി ഒരു ഗോൾ മടക്കി. 80-ാം മിനിറ്റിൽ ലൂക്ക് ഷോ ചുവപ്പുകാർഡ് കണ്ടതോടെ ഇംഗ്ലണ്ട് 10 പേരായി ചുരുങ്ങിയിരുന്നു.
ഇറ്റലിക്കെതിരായ ഗോൾനേട്ടത്തോടെ ഇംഗ്ലണ്ടിന്റെ എക്കാലത്തെയും ടോപ് സ്കോറർ എന്ന നേട്ടം ഹാരി കെയ്ൻ സ്വന്തമാക്കി. മുൻ താരം വെയ്ൻ റൂണിയുടെ 120 മത്സരങ്ങളിൽനിന്ന് 53 ഗോൾ എന്ന റിക്കാർഡാണു കെയ്ൻ മറികടന്നത്. 81 മത്സരം മാത്രമാണ് റിക്കാർഡ് മറികടക്കാൻ ഹാരി കെയ്നിനുവേണ്ടിവന്നതെന്നതാണു ശ്രദ്ധേയം.
ഡാനിഷ് ട്രിക്ക്
യൂറോ യോഗ്യതാ റൗണ്ടിലെ മറ്റൊരു മത്സരത്തിൽ ഡെന്മാർക്ക് 3-1ന് ഫിൻലൻഡിനെ തോൽപ്പിച്ചു. റാസ്മസ് ഹോലണ്ടിന്റെ (21’, 82’, 90+3’) ഹാട്രിക്കാണു ഡെന്മാർക്കിന് ഏകപക്ഷീയ ജയം സമ്മാനിച്ചത്.