ഇന്ത്യ x പാക് മത്സരം മഴ മുടക്കി
Sunday, September 10, 2023 11:15 PM IST
കൊളംബൊ: ഏഷ്യ കപ്പ് ക്രിക്കറ്റിൽ ഇന്ത്യയും പാക്കിസ്ഥാനും നേർക്കുനേർ വന്ന രണ്ടാം മത്സരത്തിലും മഴ വില്ലനായി. ഗ്രൂപ്പ് എയിലെ ഇന്ത്യ x പാക് പോരാട്ടം മഴയെത്തുടർന്ന് ഉപേക്ഷിച്ചിരുന്നു.
സൂപ്പർ ഫോറിൽ ഇരുടീമും ഏറ്റുമുട്ടിയപ്പോഴും മഴ മത്സരം മുടക്കി. ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ ഇന്ത്യ 24.1 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 147 റണ്‍സ് എന്ന ശക്തമായ നിലയിൽ തുടരുന്പോഴാണ് മഴയെത്തുടർന്ന് മത്സരം നിർത്തിവച്ചത്.
റിസർവ് ദിനമായ ഇന്ന് മത്സരം പുനരാരംഭിക്കും. ഇന്നലെ നിർത്തിയിടത്തുവച്ച് ഇന്ന് മത്സരം തുടരും. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് മൂന്നിനാണ് ഇന്ന് മത്സരം ആരംഭിക്കുക. അതോടെ സ്കോർബോർഡിൽ ടെസ്റ്റിനു സമാന രീതിയിൽ സ്റ്റംപ്സ് എന്ന് രേഖപ്പെടുത്തപ്പെട്ടു.
ഗ്രൂപ്പ് ഘട്ടത്തിലെ പോരാട്ടത്തിൽ ഇന്ത്യൻ ടോപ് ഓർഡർ ബാറ്റർമാരെ എറിഞ്ഞൊതുക്കിയതിന്റെ ഓർമയിലായിരുന്നു പാക്കിസ്ഥാൻ. എന്നാൽ, സൂപ്പർ ഫോറിലെ കളി വേറെ ലെവലാണെന്ന് അടിവരയിടുന്നതായിരുന്നു ഇന്ത്യൻ ഓപ്പണർമാരായ രോഹിത് ശർമയുടെയും ശുഭ്മാൻ ഗില്ലിന്റെയും ബാറ്റിംഗ്.
ഷഹീൻ അഫ്രീദിയെ തിരഞ്ഞുപിടിച്ച് ആക്രമിച്ച് ഗില്ലും രോഹിത്തും ഇന്ത്യൻ സ്കോർ ഉയർത്തി. നേരിട്ട 37-ാം പന്തിൽ ഗിൽ അർധസെഞ്ചുറി തികച്ചു. 42-ാം പന്തിൽ രോഹിത്തും അർധസെഞ്ചുറിയിൽ.
49 പന്തിൽ നാല് സിക്സും ആറു ഫോറുമായി 56 റണ്‍സ് നേടിയാണ് രോഹിത് പുറത്തായത്. ഓപ്പണിംഗ് വിക്കറ്റിൽ 16.4 ഓവറിൽ ഇന്ത്യ 121 റണ്‍സ് നേടി. തൊട്ടുപിന്നാലെ ഗില്ലും (52 പന്തിൽ 58) മടങ്ങി. വിരാട് കോഹ്ലിയും (8), കെ.എൽ. രാഹുലും (17) ക്രീസിൽ തുടരവേയാണ് മഴയെത്തിയത്.
ശ്രേയസിനു പരിക്ക്; രാഹുൽ ടീമിൽ
സൂപ്പർ ഫോറിൽ പാക്കിസ്ഥാനെതിരേ ഇറങ്ങുന്നതിനു മുന്‍പ് ഇന്ത്യൻ ടീമിനൊപ്പം കെ.എൽ. രാഹുൽ ചേർന്നിരുന്നു. മലയാളി വിക്കറ്റ് കീപ്പർ ബാറ്ററായ സഞ്ജു സാംസണ് അതോടെ നാട്ടിലേക്കു മടങ്ങി.
പാക്കിസ്ഥാനെതിരായ പ്ലേയിംഗ് ഇലവനിൽ രാഹുലിനെ ഉൾപ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. അതേസമയം, പുറത്തിനു പരിക്കേറ്റ ശ്രേയസ് അയ്യർ ടീമിൽ ഉൾപ്പെട്ടില്ല. പരിക്കിനെത്തുടർന്നുള്ള ദീർഘനാളത്തെ വിശ്രമത്തിനുശേഷം ഏഷ്യ കപ്പിലൂടെയായിരുന്നു ശ്രേയസ് തിരിച്ചെത്തിയത്.