ഇന്ത്യക്ക് 228 റൺസ് ജയം
Tuesday, September 12, 2023 12:41 AM IST
കൊളംബോ: മഴയിൽ ഒരുദിവസം നഷ്ടപ്പെട്ടെങ്കിലും ഇന്ത്യ x പാക് മത്സരത്തിന്റെ ആവേശം ചോരാതെ കാത്ത് വിരാട് കോഹ്ലിയും കെ.എൽ. രാഹുലും.
ഏഷ്യ കപ്പ് ക്രിക്കറ്റ് സൂപ്പർ ഫോറിന്റെ റിസർവ് ദിനമായ ഇന്നലെ ഇന്ത്യ x പാക് പോരാട്ടം പുനരാരംഭിച്ചപ്പോൾ സെഞ്ചുറിയുമായി കോഹ്ലിയും രാഹുലും ക്രീസിൽ തകർത്തടിച്ചു. അതോടെ ഇന്ത്യ നിശ്ചിത 50 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ അടിച്ചുകൂട്ടിയത് 356 റണ്‍സ്. 24.1 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 147 റണ്‍സ് എന്നനിലയിലാണ് റിസർവ് ദിനമായ ഇന്നലെ മത്സരം പുനരാരംഭിച്ചത്.
എട്ടു റണ്‍സുമായാണ് കോഹ്ലി ഇന്നലെ വീണ്ടും ക്രീസിലെത്തിയത്; രാഹുൽ 17 റണ്‍സുമായും. മഴയെത്തുടർന്ന് ഇന്നലെയും മത്സരം വൈകിയെങ്കിലും കളിയാരംഭിച്ചതോടെ ഇന്ത്യൻ ബാറ്റിംഗ് വിരുന്നായി. 94 പന്തിൽനിന്ന് മൂന്ന് സിക്സും ഒന്‍പത് ഫോറും അടക്കം 122 റണ്‍സുമായി കോഹ്ലി പുറത്താകാതെ നിന്നു. 106 പന്തിൽ രണ്ട് സിക്സും 12 ഫോറും അടങ്ങുന്നതായിരുന്നു കെ.എൽ. രാഹുലിന്റെ 111 നോട്ടൗട്ട്.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ പാക്കിസ്ഥാനു കാര്യങ്ങൾ അനുകൂലമായില്ല. ഇന്നിംഗ്സിലെ അഞ്ചാം ഓവറിൽ ഇമാം ഉൾ ഹഖിനെ (9) പുറത്താക്കി ജസ്പ്രീത് ബുറ ആദ്യ പ്രഹരമേൽപ്പിച്ചു. 11 ഓവറായപ്പോൾ മഴ. മഴയ്ക്കു ശേഷം വീണ്ടും മത്സരം ആരംഭിച്ചതോടെ ഇന്ത്യ പിടിമുറുക്കി. കുൽദിപ് യാദവ് തുടരെ അഞ്ച് വിക്കറ്റ് വീഴ്ത്തിയതോടെ 32 ഓവറിൽ 128 റണ്‍സിന് പാക്കിസ്ഥാൻ പുറത്ത്. അതോടെ ഇന്ത്യക്ക് 228 റണ്‍സിന്റെ കൂറ്റൻ ജയം.
റിക്കാർഡ് സ്കോർ
പാക്കിസ്ഥാൻ x ഇന്ത്യ ഏകദിന ചരിത്രത്തിൽ ഏതൊരു വിക്കറ്റിലെയും ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണ് കോഹ്ലിയും രാഹുലും ചേർന്ന് മൂന്നാം വിക്കറ്റിൽ നേടിയ 233 നോട്ടൗട്ട്. 1996ൽ സിദ്ദുവും സച്ചിൻ തെണ്ടുൽക്കറും ചേർന്ന് 231 റണ്‍സ് നേടിയതായിരുന്നു ഇതുവരെയുള്ള റിക്കാർഡ്. ഏകദിനത്തിൽ പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്കോറാണ് ഇന്നലെ നേടിയ 356/2. 2005ൽ വിശാഖപട്ടണത്തുവച്ചും 356 റണ്‍സ് ഇന്ത്യ നേടിയിരുന്നു. അന്ന് ഒന്‍പത് വിക്കറ്റ് നഷ്ടത്തിലായിരുന്നു പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ 356 റണ്‍സ് നേട്ടം.
അതിവേഗം 13,000
ഏകദിന ക്രിക്കറ്റിൽ വേഗത്തിൽ 13,000 റണ്‍സ് എന്ന റിക്കാർഡും വിരാട് കോഹ്ലി കുറിച്ചു. സച്ചിൻ തെണ്ടുൽക്കറിന്റെ റിക്കാർഡാണു കോഹ്ലി മറികടന്നത്. 321 ഇന്നിംഗ്സിലായിരുന്നു സച്ചിൻ 13,000 റണ്‍സ് കടന്നത്. സച്ചിനേക്കാൾ 54 ഇന്നിംഗ്സ് കുറവിൽ കോഹ്ലി ഈ നേട്ടത്തിലെത്തി. ഏകദിനത്തിൽ കോഹ്ലിയുടെ 47-ാം സെഞ്ചുറിയാണിത്. സച്ചിന്റെ റിക്കാർഡിലേക്ക് കോഹ്ലിക്ക് ഇനി രണ്ടു സെഞ്ചുറിയുടെ അകലം മാത്രം. ഏകദിനത്തിൽ കോഹ്ലി 50+ സ്കോർ നേടുന്നത് ഇത് 112-ാം തവണ. സച്ചിൻ തെണ്ടുൽക്കർ (145), കുമാർ സംഗക്കാര (118) എന്നിവരാണു കോഹ്ലിക്കു മുന്നിലുള്ളത്.