ഇന്ത്യ x .... ? ഏഷ്യ കപ്പ് ഫൈനലിസ്റ്റിനെ ഇന്നറിയാം
Thursday, September 14, 2023 1:28 AM IST
കൊളംബൊ: ഏഷ്യ കപ്പ് കലാശപ്പോരാട്ടത്തിൽ ഇന്ത്യയുടെ എതിരാളി ആരായിരിക്കും...? ആതിഥേയരായ ശ്രീലങ്കയോ അതോ വീണ്ടും ഒരു ഇന്ത്യ x പാക് പോരാട്ടമോ... ഏഷ്യ കപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യയുടെ എതിരാളിയെ ഇന്നറിയാം. ഇന്നു നടക്കുന്ന പാക്കിസ്ഥാൻ x ശ്രീലങ്ക സൂപ്പർ ഫോർ പോരാട്ടത്തിൽ ജയിക്കുന്ന ടീമാണ് ഫൈനലിൽ ഇന്ത്യയുടെ എതിരാളി. ഞായറാഴ്ചയാണ് ഏഷ്യ കപ്പ് കിരീട പോരാട്ടം.
പാക് x ലങ്ക
സൂപ്പർ ഫോറിൽ ഇന്ത്യൻ സമയം ഇന്ന് ഉച്ചകഴിഞ്ഞ് 3.00ന് പാക്കിസ്ഥാനും ശ്രീലങ്കയും നേർക്കുനേർ ഇറങ്ങുന്നത് ഫൈനൽ എന്ന ലക്ഷ്യത്തിനുവേണ്ടി. സൂപ്പർ ഫോറിൽ രണ്ടു മത്സരങ്ങൾ വീതം കളിച്ച ശ്രീലങ്കയ്ക്കും പാക്കിസ്ഥാനും രണ്ടു പോയിന്റ് വീതമാണുള്ളത്.
ഇരു ടീമും ഇന്ത്യയോടു പരാജയപ്പെട്ടപ്പോൾ ബംഗ്ലാദേശിനെ തോൽപ്പിച്ചു. സൂപ്പർ ഫോറിൽ ഇന്ത്യ 228 റണ്‍സിനാണ് പാക്കിസ്ഥാനെ നാണം കെടുത്തിയത്. ഇന്ത്യയെ 213 റണ്‍സിൽ ഒതുക്കിയെങ്കിലും ലങ്കയ്ക്കും ജയം നേടാൻ സാധിച്ചില്ല. 41 റണ്‍സിന് ലങ്കയെ കീഴടക്കി ഇന്ത്യ സൂപ്പർ ഫോറിൽനിന്നു ഫൈനലിലേക്കു മാർച്ച് ചെയ്തു.
മഴ പെയ്താൽ
മഴ ഭീഷണിയിലാണ് ഏഷ്യ കപ്പ് മത്സരങ്ങൾ കൊളംബോയിൽ അരങ്ങേറുന്നത്. സൂപ്പർ ഫോറിൽ ഇന്ത്യ x പാക് മത്സരത്തിനു മാത്രമാണു റിസർവ് ദിനം ഉണ്ടായിരുന്നത്. ഇന്ന് ശ്രീലങ്കയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരത്തിൽ മഴ വില്ലനായാൽ ഇന്ത്യയുടെ എതിരാളി ആരായിരിക്കും എന്നതും സുപ്രധാന ചോദ്യം. പാക്കിസ്ഥാൻ x ശ്രീലങ്ക മത്സരം മഴയിൽ മുടങ്ങിയാൽ പോയിന്റ് പങ്കുവയ്ക്കും. അതോടെ റണ്‍ റേറ്റ് അടിസ്ഥാനത്തിൽ ഇന്ത്യക്കു പിന്നിൽ നിലവിൽ രണ്ടാം സ്ഥാനത്തുള്ള ശ്രീലങ്ക ഫൈനലിലേക്കു മുന്നേറും. -0.200 ആണ് ശ്രീലങ്കയുടെ റണ്‍ റേറ്റ്. പാക്കിസ്ഥാന്റെ റണ്‍ റേറ്റ് -1.892ഉം.
ഇന്ത്യ x ബംഗ്ലാദേശ്
സൂപ്പർ ഫോറിലെ അവസാന മത്സരം ഇന്ത്യയും ബംഗ്ലാദേശും തമ്മിലാണ്. നാളെയാണ് ഇരു ടീമും തമ്മിലുള്ള പോരാട്ടം. സൂപ്പർ ഫോറിൽ പാക്കിസ്ഥാനോട് ഏഴു വിക്കറ്റിനും ശ്രീലങ്കയോട് 21 റണ്‍സിനും തോറ്റ ബംഗ്ലാദേശ് ഇതിനോടകം പുറത്തായിക്കഴിഞ്ഞു. ആശ്വാസ ജയത്തോടെ ഏഷ്യ കപ്പിൽനിന്നു മടങ്ങാനുള്ള ശ്രമമായിരിക്കും ബംഗ്ലാദേശ് നടത്തുക. ഇന്ത്യ ഫൈനലിൽ പ്രവേശിച്ച പശ്ചാത്തലത്തിൽ ബംഗ്ലാദേശിനെതിരായ മത്സര ഫലം അപ്രസക്തമാണ്.