ലങ്ക ജയിച്ചത് ഇങ്ങനെ...
Saturday, September 16, 2023 12:48 AM IST
ഏഷ്യ കപ്പ് ക്രിക്കറ്റ് സൂപ്പർ ഫോറിലെ നിർണായക മത്സരത്തിൽ ശ്രീലങ്ക രണ്ടു വിക്കറ്റിനു പാക്കിസ്ഥാനെ കീഴടക്കി ഫൈനലിൽ പ്രവേശിച്ചത് എങ്ങനെ എന്ന ആരാധകരുടെ സംശയം തുടരുന്നു. 42 ഓവറായി വെട്ടിക്കുറച്ച മത്സരത്തിൽ മഴനിയമത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ലങ്കയുടെ ജയം.
മഴനിയമത്തിന്റെ അടിസ്ഥാനത്തിൽ ക്രിക്കറ്റിൽ ജയപരാജയങ്ങൾ ആരാധകർ ഏറെ കണ്ടിട്ടുണ്ട്. എന്നാൽ, ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ ശ്രീലങ്കയും പാക്കിസ്ഥാനും 42 ഓവറിൽ 252 റണ്‍സ് ആണ് എടുത്തത്. കൃത്യമായി പറഞ്ഞാൽ പാക്കിസ്ഥാൻ 42 ഓവറിൽ 252/7, ശ്രീലങ്ക 42 ഓവറിൽ 252/8. എന്നിട്ടും ശ്രീലങ്ക ജയം സ്വന്തമാക്കി, ഞായറാഴ്ച ഇന്ത്യക്കെതിരായ ഫൈനൽ ടിക്കറ്റും സ്വന്തമാക്കി.
1992 ലോകകപ്പ് ഓർമ
1992 ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനെതിരേ ദക്ഷിണാഫ്രിക്ക 19 റണ്‍സിനു പരാജയപ്പെട്ടതുപോലൊരു സംഭവമായിരുന്നു ഏഷ്യ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ കൊളംബോയിലും അരങ്ങേറിയത്.
1992 ലോകകപ്പിൽ മഴനിയമം അനുസരിച്ചുള്ള കൂട്ടലും കിഴിക്കലും കഴിഞ്ഞപ്പോൾ ഇംഗ്ലണ്ടിനെതിരേ ദക്ഷിണാഫ്രിക്കയ്ക്ക് ഒരു പന്തിൽ ജയിക്കാൻ വേണ്ടിവന്നത് 21 റണ്‍സ്! ക്രിക്കറ്റിൽ ഒരിക്കലും സംഭവിക്കില്ലാത്ത കാര്യം. 13 പന്തിൽ 22 റണ്‍സ് വേണ്ടിയിരുന്നിടത്തുനിന്നു മഴ പെയ്ത് തോർന്നപ്പോഴാണു ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യം ഒരു പന്തിൽ 21 ആയി മാറിയത്.
കൊളംബോയിൽ സംഭവിച്ചത്
ശ്രീലങ്ക x പാക്കിസ്ഥാൻ സൂപ്പർ ഫോർ ജേതാക്കൾ ഫൈനലിൽ പ്രവേശിക്കും എന്നനിലയിലാണ് കൊളംബോയിൽ മത്സരം നടന്നത്. മഴയെത്തുടർന്ന് മത്സരം വൈകിയതോടെ ഓവർ 50ൽനിന്ന് 45 ആക്കി വെട്ടിക്കുറച്ചു. എന്നാൽ, മഴ തിരിച്ചെത്തിയതോടെ മത്സരത്തിന്റെ ദൈർഘ്യം 42 ഓവറായി ചുരുക്കി.
27.4 ഓവറിൽ 130/5 എന്ന നിലയിൽ പാക്കിസ്ഥാൻ ബാറ്റിംഗ് തുടരുന്പോഴായിരുന്നു മഴ രണ്ടാം വട്ടം എത്തിയതും 42 ഓവറായി മത്സരം കുറയ്ക്കേണ്ടിവന്നതും. അതുകൊണ്ടാണ് പാക്കിസ്ഥാൻ 252 റണ്‍സ് നേടിയിട്ടും ശ്രീലങ്കയുടെ ലക്ഷ്യം 252 ആക്കി പരിഷ്കരിച്ചത്. മഴയയെത്തുടർന്ന് മത്സരം ഇടയ്ക്ക് നിർത്തേണ്ടിവന്നപ്പോൾ പാക്കിസ്ഥാന്റെ അഞ്ചു വിക്കറ്റ് നഷ്ടമായിരുന്നു എന്നതാണ് സുപ്രധാനമായത്.
മഴനിയമം എന്നാൽ
ഡിഎൽഎസ് (ഡെക് വർത്ത് ലൂയിസ് നിയമം) കണക്കിൽ ടീമുകൾക്കു വിക്കറ്റ് കൈയിൽ ഉണ്ടായിരിക്കുക എന്നതാണ് ഏറ്റവും പ്രധാനം. ഏഷ്യ കപ്പ് സൂപ്പർ ഫോറിൽ ശ്രീലങ്ക രണ്ടു വിക്കറ്റ് ജയം നേടാനുണ്ടായ കാരണവും അതാണ്. 42 ഓവറായി മത്സരം വെട്ടിക്കുറച്ചപ്പോൾ പാക്കിസ്ഥാന്റെ അഞ്ചു വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു.
പാക്കിസ്ഥാന്റെ അഞ്ചാം വിക്കറ്റ് (27.4 ഓവറിൽ മുഹമ്മദ് നവാസ് പുറത്ത്) വീണതിനു പിന്നാലെയാണു മഴയെത്തിയത്. മുഹമ്മദ് നവാസിന്റെ വിക്കറ്റ് അപ്പോൾ പാക്കിസ്ഥാനു നഷ്ടപ്പെട്ടില്ലായിരുന്നെങ്കിൽ 27.4 ഓവറിൽ 130/4 എന്ന നിലയിലാകുമായിരുന്നു പാക്കിസ്ഥാൻ. അങ്ങനെയെങ്കിൽ 42 ഓവറിൽ ശ്രീലങ്കയുടെ ലക്ഷ്യം 255 റണ്‍സ് ആകുമായിരുന്നു.