തീരത്ത് കാല്പന്തിരന്പം
തോമസ് വർഗീസ്
Saturday, September 23, 2023 12:59 AM IST
തിരുവനന്തപുരം: തീരദേശ ജനത എന്നും പോരാട്ടവീര്യത്തിൽ മുൻപന്തിയിൽ; അതിൽത്തന്നെ കാല്പന്തുകളിയിൽ തീരദേശത്തിനു സ്വന്തം വിലാസമുണ്ടാക്കുകയാണ് മുൻ സന്തോഷ് ട്രോഫി താരം എബിൻ റോസ് മുൻകൈയെടുത്ത് പരിശീലനം ആരംഭിച്ച വിഴിഞ്ഞത്തെ കോവളം എഫ്സി എന്ന തീരദേശ ഫുട്ബോൾ ക്ലബ്.
ഒന്നരപ്പതിറ്റാണ്ടിനു മുന്‍പ് ആരംഭിച്ച കോവളം ഫുട്ബോൾ ക്ലബ് തുടക്കത്തിലെ പരാധീനതകളെല്ലാം വകഞ്ഞുമാറ്റി മികച്ച പ്രഫഷണൽ ക്ലബായി മാറിക്കഴിഞ്ഞു. 2007ൽ കോവളത്തിന്റെ കുട്ടികൾ സി ഡിവിഷൻ ലീഗിൽ വെന്നിക്കൊടി പാറിച്ചാണു കാല്പന്തുകളിയിലെ മിന്നുംനേട്ടത്തിനു തുടക്കമിട്ടത്.
അന്നത്തെ മത്സരം നേരിട്ടുകണ്ട ബ്രിട്ടീഷുകാരനായ റിട്ടയേർഡ് മിലിട്ടറി ഓഫീസർ ടോണി ലാംഗയാണ് ടീമിനു കോവളം എഫ്സിയെന്ന പേരു നിർദേശിച്ചത്. ജില്ലാ തലത്തിൽ സി ഡിവിഷനിൽ കളിച്ചുതുടങ്ങിയ ടീം ഘട്ടം ഘട്ടങ്ങളായി പോരാട്ടവീര്യം കൈമുതലാക്കി എ ഡിവിഷൻ ചാന്പ്യൻ പട്ടം വരെ സ്വന്തമാക്കി. തുടർന്ന് അണ്ടർ 15 ഐ ലീഗിലും പന്തു തട്ടി.
കാല്പന്തുകളിയിൽ തീരദേശത്തിന്റെ സ്പന്ദനമായി മാറിയ കോവളം എഫ്സിയുടെ നിർണായക നേട്ടം 2016ൽ കന്പനിയുടെ സാരഥ്യം ടി.ജെ. മാത്യു പ്രസിഡന്റായും ചന്ദ്രഹാസൻ ഒപ്പം നില്‍ക്കുകയും ചെയ്തതോടൊണ്. കേരളാ പ്രീമിയർ ലീഗ്, രാജ്യത്തിന്റെ പല മേഖലകളിൽ നടന്ന ദേശീയ ടൂർണമെന്റുകൾ എന്നിവയിൽ പങ്കെടുത്ത് മികച്ച നേട്ടങ്ങൾ സ്വന്തമാക്കിയത കൂടാതെ ഐഎസ്എൽ, ഐ ലീഗ്, സന്തോഷ് ട്രോഫി ഉൾപ്പെടെയുള്ളവയിൽ കോവളം എഫ്സിയുടെ മുൻകാല താരങ്ങൾ ജഴ്സിയണിഞ്ഞു.
സീനിയർ ടീമിനെ ശക്തിപ്പെടുത്തുന്നതിനു നിർണായക സഹായമായത് ഫെഡറൽ ബാങ്കിന്റെ പിന്തുണയായിരുന്നുവെന്ന് എബിൻ റോസ് വ്യക്തമാക്കി. ടീമിനെ ഫെഡറൽ ബാങ്ക് സ്പോണ്സർ ചെയ്തതോടെ സാന്പത്തിക ബുദ്ധിമുട്ടിന് ഒരു പരിധിവരെ പരിഹാരമുണ്ടായി. സീനിയർ ടൂർണമെന്റിൽ കെഎസ്ഇബി, മുത്തൂറ്റ്, കേരള എഫ്സി തുടങ്ങിയ ടീമുകളെ മറികടന്നു സെമിയിലെത്തി. അക്കുറി കരുത്തരായ ഗോകുലം എഫ്സിക്കു മുന്നിലാണു സെമിയിൽ കോവളത്തിനു കീഴടങ്ങേണ്ടി വന്നത്.
സൂപ്പർ സിക്സിൽ ചാന്പ്യന്മാരായ വിദേശ താരങ്ങളെ അണിനിരത്തിയ കേരളാ യുണൈറ്റഡിനെ 3-0നു പരാജയപ്പെടുത്തിയതും കോവളത്തിന്റെ നേട്ടമായി. മധ്യപ്രദേശിൽ നടന്ന അർജുൻ സിംഗ് മെമ്മോറിയൽ ടൂർണമെന്റിൽ ഫൈനലിലും എത്തി.
സംസ്ഥാന സീനിയർ ചാന്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ച മനോജ്, രഞ്ജിത് എന്നിവർ സന്തോഷ് ട്രോഫി കേരളാ ക്യാന്പിലും ഇടംപിടിച്ചു. ഖേലോ ഇന്ത്യ ദേശീയ ചാന്പ്യൻഷിപ്പിൽ അണ്ടർ 18 വിഭാഗത്തിൽ വിജയികളായ കേരളാ ടീമിൽ അക്ഷയ്, ഷാഫി, ഷാരോണ്‍, ശ്രീരാജ്, ദിലു എന്നീ അഞ്ച് കോവളം ടീമംഗങ്ങളാണ് ഇടംപിടിച്ചത്.
അരുമാനൂർ കേന്ദ്രമാക്കി റെസിഡൻഷൽ ഹോസ്റ്റൽ സംവിധാനമാണ് ക്ലബ് ഇപ്പോൾ ഒരുക്കിയിട്ടുള്ളത്. കൂടാതെ സ്റ്റേഡിയം, ഫെഡറൽ ബാങ്ക് സിഎസ്ആർ പദ്ധതിയിൽ ഉൾപ്പെടുത്തി കളിക്കാർക്ക് സഞ്ചരിക്കാൻ നല്കിയ ബസ്, ജിംനേഷ്യം എന്നിവയും കുട്ടികൾക്കു സ്പെഷൽ ട്യൂഷനും ക്രമീകരിക്കുന്നു. സാലി മാത്യു ഫൗണ്ടേഷൻ, മുത്തൂറ്റ്, ആർഎം എഡ്യുക്കേഷൻ, കിംസ് എന്നിവയുമായി സഹകരിച്ച് കുട്ടികൾക്ക് സ്കോളർഷിപ്പുകളും നല്‍കുന്നുണ്ടെന്ന് എബിൻ റോസ് പറയുന്നു.